തെഹ്റാന് – സാധനങ്ങള്‍ കൊണ്ടുപോവുകയായിരുന്ന രണ്ട് സിവിലിയന്‍ ബോട്ടുകള്‍ ലക്ഷ്യം വെച്ച് അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ അഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി സൈനിക സ്രോതസ്സിനെ ഉദ്ധരിച്ച് ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബോട്ടുകള്‍ ഇറാനിലേക്കുള്ള യാത്രയിലായിരുന്നു. അവ ഇറാന് റെവല്യൂഷണറി ഗാര്‍ഡിനു കീഴിലുള്ളതല്ല. ഒമാന്‍ തുറമുഖമായ ഖസബില്‍ നിന്ന് ഇറാന് തീരത്തേക്ക് സിവിലിയന്‍ ചരക്ക് കൊണ്ടുപോകുകയായിരുന്ന ബോട്ടുകളാണ് ആക്രമിക്കപ്പെട്ടതെന്ന് സൈനിക സ്രോതസ്സിനെ ഉദ്ധരിച്ച് തസ്നീം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇറാനില്‍ ഇപ്പോള്‍ ചെറിയ ബോട്ടുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അവയില്‍ ഏഴെണ്ണം ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ സൈന്യം മുക്കി. ദക്ഷിണ കൊറിയന്‍ ചരക്ക് കപ്പല്‍ ഉള്‍പ്പെടെ, ഹോര്‍മുസ് കടലിടുക്കിലെ യു.എസ് നാവിക പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലാത്ത രാജ്യങ്ങള്‍ക്കെതിരെ ഇറാന് ആക്രമണം നടത്തിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കില്‍ സ്വതന്ത്ര ഗതാഗതം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള സൈനിക ഓപ്പറേഷനില്‍ ദക്ഷിണ കൊറിയ ചേരേണ്ട സമയമാണിതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് ഭീഷണി സൃഷ്ടിച്ച ഇറാന് ബോട്ടുകള്‍ നശിപ്പിക്കാന്‍ അപ്പാച്ചെ, സീഹോക്ക് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചതായി യു.എസ് സൈന്യം അറിയിച്ചു. വാണിജ്യ കപ്പലുകള്‍ക്ക് ഭീഷണിയായ ചെറിയ ഇറാന് ബോട്ടുകള്‍ ഇല്ലാതാക്കാനായി ഹോര്‍മുസ് കടലിടുക്കിലും പരിസരത്തും സീഹോക്ക് ഹെലികോപ്റ്ററുകള്‍ തങ്ങളുടെ ദൗത്യത്തെ പിന്തുണക്കുന്നുണ്ടെന്ന് യു.എസ് സൈന്യം വ്യക്തമാക്കി.



