ന്യൂയോർക്ക്– ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ നീക്കങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ പുതിയ കരട് പ്രമേയം അവതരിപ്പിക്കാൻ അമേരിക്ക ഒരുങ്ങുന്നു. ഗൾഫ് രാജ്യങ്ങളുമായി സഹകരിച്ചാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതെന്ന് യുഎന്നിലെ അമേരിക്കൻ അംബാസഡർ മൈക്ക് വാൾട്ട്‌സ് അറിയിച്ചു. ലോക സമ്പദ്‌വ്യവസ്ഥയെ തന്നെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയ ഇറാൻ്റെ നടപടിയെ ശക്തമായി അപലപിക്കുക എന്നതാണ് പുതിയ പ്രമേയത്തിൻ്റെ പ്രധാന ലക്ഷ്യം.
കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകൾക്കെതിരായ ആക്രമണങ്ങളെയും അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിച്ച് കടൽപാതയിൽ മൈനുകൾ സ്ഥാപിക്കുന്നതിനെയും അമേരിക്ക പ്രമേയത്തിലൂടെ പ്രതിരോധിക്കും. കൂടാതെ, ചരക്കുനീക്കത്തിന് ഇറാൻ ഏർപ്പെടുത്തിയ ടോൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെയും പ്രമേയം കർശനമായി എതിർക്കുന്നുണ്ട്. ഹോർമുസ് കടലിടുക്കിൽ സ്ഥാപിച്ചിട്ടുള്ള മൈനുകളുടെ കൃത്യമായ സ്ഥാനങ്ങൾ വെളിപ്പെടുത്തണമെന്നും അന്താരാഷ്ട്ര നിയമലംഘനങ്ങൾക്ക് ഇറാൻ മറുപടി നൽകണമെന്നും പ്രമേയം ആവശ്യപ്പെടും.
അന്താരാഷ്ട്ര ജലപാതകളെ ആയുധങ്ങളായി ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ലെന്ന് മൈക്ക് വാൾട്ട്‌സ് വ്യക്തമാക്കി. കപ്പലുകളുടെ സുരക്ഷിതമായ കടന്നുപോകൽ ഉറപ്പാക്കാൻ ട്രംപ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് സമുദ്രപാതയിലെ സുരക്ഷ ഉറപ്പാക്കാനുള്ള നീക്കങ്ങളുമായി അമേരിക്ക മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



