ന്യൂയോർക്ക്– അന്താരാഷ്ട്ര വിദ്യാർഥികൾക്ക് പ്രവേശനം നൽകാനുള്ള ഹാർവാർഡ് സർവ്വകലാശാലയുടെ അധികാരം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം മരവിപ്പിച്ചു. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. “അക്രമം, ജൂതവിരുദ്ധത, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ബന്ധം എന്നീ കാര്യങ്ങൾ ആരോപിച്ചാണ് പ്രവേശനം നൽകാനുള്ള അധികാരം എടുത്തുകളഞ്ഞത്. ഹാർവാർഡ് സർവ്വകലാശാലക്ക് ഗവേഷണത്തിനായി ഗ്രാന്റുകൾ നൽകുന്നതും ഭരണകൂടം തടഞ്ഞിരുന്നു.
വിദേശ വിദ്യാർത്ഥികളെ ചേർക്കുന്നതും അവർക്കുള്ള ട്യൂഷൻ ഫീസുകളിൽ ഇളവ് നൽകുന്നതും കോടി കണക്കിന് ഡോളർ എൻഡോവ്മെന്റ് നൽകുന്നതും സർവ്വകലാശാലകളുടെ അവകാശമല്ലെന്നും മറിച്ച് അതൊരു പദവിയാണെന്നും ശരിയായ കാര്യം ചെയ്യാൻ ഹാർവാർഡിന് ധാരാളം അവസരമുണ്ടായിരുന്നുവെന്നും എന്നാൽ അക്കാര്യം നിരസിച്ചുവെന്നും സെക്യൂരിറ്റി വകുപ്പ് പറഞ്ഞു. ഈ നീക്കം ഹാർവാർഡിന് വിദേശ വിദ്യാർത്ഥികളെ തങ്ങളുടെ കാമ്പസിൽ ചേർത്താൻ കഴിയില്ലെന്ന് മാത്രമല്ല, നിലവിലെ വിദ്യാർത്ഥികളെ മറ്റൊരു സർവ്വകലാശാലയിലേക്ക് മാറ്റേണ്ട സ്ഥിതിയും ഉണ്ടാക്കും. നിയമവിരുദ്ധമായ പ്രതികാര നടപടി എന്നാണ് ഈ നീക്കത്തെ ഹാർവാർഡ് സർവ്വകലാശാല വിശേഷിപ്പിച്ചത്. 140-ലധികം രാജ്യങ്ങളിൽ നിന്നുള്ള, ഈ സർവകലാശാലയെയും രാജ്യത്തെയും വളരെയധികം സമ്പന്നമാക്കുകയും ചെയ്യുന്ന ഞങ്ങളുടെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും പണ്ഡിതന്മാർക്കും ആതിഥേയത്വം വഹിക്കാനുള്ള ഹാർവാഡിന്റെ കഴിവ് നിലനിർത്താൻ ഞങ്ങൾ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണെന്ന് സർവകലാശാല ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളോടുള്ള പ്രതികരണവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാൻ സർവ്വകലാശാലയോട് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ സർവ്വകലാശാല തയ്യാറായില്ല. ഇത് ട്രംപ് ഭരണകൂടവും ഹാർവാർഡും തമ്മിൽ രൂക്ഷമായ ഭിന്നതക്ക് കാരണമാകുകയും ചെയ്തു. 2.6 ബില്യണിലധികം വരുന്ന ഗ്രാന്റാണ് ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചത്. സർവ്വകലാശാലയെ സഹായിക്കണം എന്നാവശ്യപ്പെട്ട് ഈ ആഴ്ചയുടെ തുടക്കത്തിൽ ഹാർവാർഡ് പ്രസിഡന്റ് അലൻ ഗാർബർ പൂർവ്വ വിദ്യാർത്ഥികൾക്ക് സന്ദേശം അയച്ചിരുന്നു. “നമ്മെ ഏൽപ്പിച്ച സ്ഥാപനം ഇപ്പോൾ നമ്മുടെ നീണ്ട ചരിത്രത്തിലെ മറ്റേതൊരു സ്ഥാപനത്തിൽ നിന്നും വ്യത്യസ്തമായി വെല്ലുവിളികൾ നേരിടുന്നുവെന്ന് ഇ-മെയിലിൽ അദ്ദേഹം പറഞ്ഞു. പ്രസിഡൻഷ്യൽ പ്രയോറിറ്റീസ് ഫണ്ട്, പ്രസിഡൻഷ്യൽ ഫണ്ട് ഫോർ റിസർച്ച് എന്നീ രണ്ടു ഫണ്ടുകളും സർവ്വകലാശാല ആരംഭിച്ചു.