സലാല– ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ ജബൽ സംഹാൻ പർവതപ്രദേശത്ത് ട്രക്കിങ്ങിനിടെ വിനോദസഞ്ചാരി വഴുതി വീണ് മരിച്ചു. മിർബാത്ത് വിലായത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഉയർന്ന മലനിരയിൽ നിന്ന് വീണതിനെ തുടർന്ന് ഗുരുതരമായ പരിക്കുകൾ ഏറ്റതാണ് മരണകാരണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.
ദോഫാർ ഗവർണറേറ്റിലെ രക്ഷാപ്രവർത്തന, ആംബുലൻസ് ടീമുകൾ പ്രാദേശിക പൗരന്മാരുടെ സഹകരണത്തോടെ അടിയന്തര രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിനോദസഞ്ചാരിയെ രക്ഷിക്കാനായില്ല.
ഖരീഫ് സീസണിൽ പർവതപാതകൾ വഴുക്കലുള്ളതാകുന്നതിനാൽ അപകടസാധ്യത വർധിക്കുന്നുണ്ടെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. പൗരന്മാരും താമസക്കാരും വിനോദസഞ്ചാരികളും മലകയറ്റത്തിനിടെ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
ഖരീഫ് സീസണിൽ ദോഫാർ ഗവർണറേറ്റ് വിനോദസഞ്ചാരത്തിന്റെ കേന്ദ്രമായി മാറുന്നു. ഈ കാലയളവിൽ മഴ കൂടുതൽ ലഭിക്കുന്നതിനാൽ പർവ്വതങ്ങൾ ഹരിതാഭമായി മാറുന്നു. ഇത് രാജ്യത്തിനകത്തും വിദേശത്തുനിന്നുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ഘടകമാണ്. ഈ പ്രദേശത്തെ മനോഹരമായ കാഴ്ചകൾ കാണാൻ എത്തുന്നവർ ആസ്വാദനത്തിനൊപ്പം ജാഗ്രതയും പാലിക്കണമെന്നാണ് അധികൃതരുടെ നിർദേശം