കോഴിക്കോട്– കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് അപകടത്തിൽ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ബീച്ച് റോഡിലെ പഴയ പാസ്‌പോർട്ട് ഓഫീസ് കെട്ടിടം തകർന്നുണ്ടായ അപകടത്തിലാണ് മൂന്ന് തൊഴിലാളികൾ മരണപ്പെട്ടത്. കിണാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശി അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. ഗാമ ട്രേഡേഴ്‌സിലെ ലോഡിങ് തൊഴിലാളികളായ ഇവർ ജോലിക്ക് ശേഷം കെട്ടിടത്തിന് താഴെ വിശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്.
കെട്ടിടത്തിലേക്ക് സാധനങ്ങൾ ഇറക്കിയ ശേഷം ഷട്ടറിനോട് ചേർന്നുള്ള തറയിലിരുന്ന് വിശ്രമിക്കുകയായിരുന്നു തൊഴിലാളികൾ. ഈ സമയം കെട്ടിടത്തിന്റെ മുൻഭാഗത്തെ സ്ലാബും ബീമും തകർന്ന് ഇവരുടെ മേൽ പതിക്കുകയായിരുന്നു. രണ്ട് പേർ ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. സ്ലാബിനടിയിൽ കുടുങ്ങിയവരെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്.
സംഭവത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതിൽ വിനോദ് എന്നയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റവരെ ബീച്ച് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
50 വർഷത്തിലധികം പഴക്കമുള്ള ഈ കെട്ടിടം ഒട്ടും സുരക്ഷിതമല്ലെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും ബീമുകൾ പൊട്ടി തൂങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി ബൈക്കുകളും തകർന്നിട്ടുണ്ട്.
അപകടത്തിന് പിന്നാലെ കോഴിക്കോട് കോർപറേഷൻ ഭരണസമിതിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. കെട്ടിടം സുരക്ഷിതമല്ലെന്ന് കണ്ടെത്തി 2024-ൽ തന്നെ പൊളിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നതാണെന്ന് പ്രതിപക്ഷ നേതാവ് എസ്.കെ അബൂബക്കർ ആരോപിച്ചു. പൊളിക്കാൻ ഉത്തരവിട്ട കെട്ടിടം എന്തിനാണ് വാടകയ്ക്ക് നൽകിയതെന്ന് അദ്ദേഹം ചോദിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



