തൃശൂർ– മണലൂർ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ ഉദ്യോഗസ്ഥർ ബോധപൂർവം അട്ടിമറി നടത്തിയെന്ന ഗുരുതര ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ. കേവലം 126 വോട്ടുകൾക്ക് പരാജയപ്പെട്ട സാഹചര്യത്തിൽ, എണ്ണാതെ മാറ്റിവെച്ച 184 ഹോം വോട്ടുകൾ ഫലത്തെ അട്ടിമറിച്ചുവെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഇന്ന് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകും.
80 വയസ്സിന് മുകളിൽ പ്രായമുള്ളവർ രേഖപ്പെടുത്തിയ 184 ഹോം വോട്ടുകൾ ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം എണ്ണാതെ മാറ്റിവെച്ചതാണ് തന്റെ പരാജയത്തിന് കാരണമായതെന്ന് പ്രതാപൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബാലറ്റ് പേപ്പറിൽ അറ്റസ്റ്റേഷൻ രേഖപ്പെടുത്തേണ്ട പോളിംഗ് ഓഫീസർമാർ നാല് സ്ഥലങ്ങളിൽ ബോധപൂർവം വീഴ്ച വരുത്തി. ഈ സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ കവർ തുറക്കാതെ വോട്ടുകൾ മാറ്റിവെക്കുകയായിരുന്നു. ഇതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
എൽഡിഎഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിനെ സഹായിക്കാൻ ആർഎസ്എസ്, എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് എന്നീ സംഘടനകൾ ഒത്തുകളിച്ചതായും പ്രതാപൻ ആരോപിച്ചു. ബിജെപിയുടെ എ പ്ലസ് മണ്ഡലമായിട്ടും അവിടെ അവർക്ക് വോട്ട് വർദ്ധിപ്പിക്കാനായില്ല. പകരം ബിജെപി വോട്ടുകൾ എൽഡിഎഫിന് മറിഞ്ഞു. വോട്ടെണ്ണൽ കേന്ദ്രത്തിൽ എൽഡിഎഫ്-എസ്ഡിപിഐ ഏജന്റുമാർ ഒത്തൊരുമിച്ചാണ് പ്രവർത്തിച്ചതെന്നും ബിജെപി ഏജന്റുമാർക്ക് നൽകേണ്ട സ്ലിപ്പുകൾ എൽഡിഎഫ് ഏജന്റുമാർ സ്വീകരിക്കുന്നത് കണ്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
126 വോട്ടിന് തോറ്റ എനിക്ക്, കൃത്യമായ അറ്റസ്റ്റേഷൻ ഇല്ലാത്തതിന്റെ പേരിൽ മാറ്റിവെച്ച 184 വോട്ടുകൾ നിർണ്ണായകമാണ്. ഈ വോട്ടുകൾ എണ്ണണമെന്ന് വോട്ടെണ്ണൽ കേന്ദ്രത്തിൽ വെച്ച് തന്നെ ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയ്യാറായില്ല. ജനവിധി മാനിക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർ നടത്തിയ അട്ടിമറിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് പ്രതാപൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായാണ് യുഡിഎഫ് ഹൈക്കോടതിയെ സമീപിക്കുന്നത്.



