കണ്ണൂർ – കളിക്കുന്നതിനിടെ കൽത്തൂൺ ഇളകി ദേഹത്ത് വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. തലശ്ശേരി പാറാൽ ആച്ചുകുളങ്ങര ശ്രീനാരായണമഠത്തിന് സമീപം ഓജസിൽ കെ.പി. ശ്രീനികേതാണ് (14) മരിച്ചത്. തലശ്ശേരി മാടപ്പീടികയിലെ തറവാട്ട് വീട്ടിൽ വച്ചായിരുന്നു അപകടം.
തുണി അലക്കുന്ന സ്ഥലത്തെ കൽത്തൂണിൽ പിടിച്ച് കളിക്കുമ്പോഴാണ് അപകടമുണ്ടായത്. ഉടനെ കുട്ടിയെ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും പിന്നീട് മരിച്ചു. പാലയാട് ഹയർ സെക്കൻററി സ്കൂൾ അദ്ധ്യാപകൻ മഹേഷിൻ്റെയും, വലിയ മാടാവിൽ സ്കൂൾ അധ്യാപിക സുനിലയുടെയും മകനാണ്.
തെരഞ്ഞെടുപ്പു ഡ്യൂട്ടിയുണ്ടായിരുന്നതിനാൽ കുട്ടിയെ തറവാട്ട് വീട്ടിൽ എത്തിച്ചതായിരുന്നു. തിരുവങ്ങാട് വലിയ മാടാവിൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ശ്രീനികേത്. ലക്ഷ്മി നന്ദ ഏക സഹോദരിയാണ്. ന്യൂ മാഹി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.