റിയാദ്- സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന അനധികൃത ട്യൂഷൻ സെന്ററുകളെ ലക്ഷ്യമിട്ട് അധികൃതർ പരിശോധന കർശനമാക്കി. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിക്കാതെയും അനുമതിയില്ലാതെയും പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് പരിശോധന. താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് പലയിടത്തും ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കുന്നത്. വീടുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ട്യൂഷൻ സെന്ററുകൾ ലക്ഷ്യമിട്ടാണ് പരിശോധന. വിദ്യാഭ്യാസ വകുപ്പ്, പോലീസ്, ലേബർ ഓഫീസ് സ്ഥാപനങ്ങൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്. സൗദിയിൽ ട്യൂഷൻ സെന്ററുകൾക്ക് വിഷൻ 2030 മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ലൈസൻസ് അനുവദിക്കുന്നത്. ലൈസൻസ് ലഭിക്കാൻ വിവിധ വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്.
വൊക്കേഷണൽ ട്രെയിനിംഗ് സെന്ററുകൾക്കും പ്രത്യേക അംഗീകാരം വേണം. ഇതിന് പാഠ്യപദ്ധതി, ഇൻസ്ട്രക്ടരുടെ യോഗ്യത, വ്യവസായ ആവശ്യങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ നൽകണം. ഇതിന് പുറമെ ട്യൂഷൻ സെന്ററിന്റെ പേര് എം.ഒ.സിയിൽ രജിസ്റ്റർ ചെയ്യണം. ട്യൂഷൻ സെന്ററിന്റെ കെട്ടിടം ഒരു ലീസ് കരാറിന്റെ അടിസ്ഥാനത്തിലോ സ്വന്തമായോ ആയിരിക്കണം, കെട്ടിടം വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് അനുയോജ്യമായിരിക്കണം തുടങ്ങിയ മാനദണ്ഡങ്ങളും പാലിക്കണം. കെട്ടിടം സൗദിയിലെ ഹെൽത്ത്, സേഫ്റ്റി, ഫയർ സേഫ്റ്റി മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഇതിന് സിവിൽ ഡിഫൻസ്, മുനിസിപ്പാലിറ്റി തുടങ്ങിയവയിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുകയും വേണം. ക്ലാസ് റൂമുകൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ, ലേണിംഗ് മെറ്റീരിയലുകൾ, ടോയ്‌ലറ്റ് സൗകര്യങ്ങൾ എന്നിവ ഉണ്ടായിരിക്കണം തുടങ്ങിയവയാണ് വ്യവസ്ഥകൾ.
എന്നാൽ ഇതൊന്നും പാലിക്കാതെയും സുരക്ഷാമാനദണ്ഡങ്ങൾ സ്വീകരിക്കാതെയുമാണ് പല ട്യൂഷൻ സെന്ററുകളും പ്രവർത്തിക്കുന്നത്. ഏതാനും വർഷം മുമ്പ് റിയാദിൽ പോലീസ് നടത്തിയ പരിശോധനയിൽ ട്യൂഷൻ സെന്റർ നടത്തിപ്പുകാരായ ഇന്ത്യക്കാരെ പോലീസ് പിടികൂടിയിരുന്നു. റിയാദിലെ പ്രമുഖ സ്കൂളിൽ ജോലി ചെയ്തിരുന്ന മൂന്നു അധ്യാപകരെയാണ് പിടികൂടിയിരുന്നത്. തമിഴ്നാട്, ഉത്തർപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ അധ്യാപകരെയാണ് പിടികൂടിയിരുന്നത്. ജിദ്ദയിലെ അൽ-നഹ്ദ, അൽ-യാഖൂത്ത് ജില്ലകളിൽ നിയമവിരുദ്ധമായി കിന്റർഗാർട്ടനുകൾ നടത്തിയതിന് ഏതാനും വർഷം മുമ്പ് പ്രവാസി സ്ത്രീയെ അറസ്റ്റ് ചെയ്തിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ നാട്ടിലേക്ക് കയറ്റി അയക്കുകയും ചെയ്തു.