ചെന്നൈ- ചെന്നൈയിലൂടെ സൈക്കിളോടിക്കുന്ന വീഡിയോ പങ്കുവെച്ച് തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം. കെ സ്റ്റാലിൻ ഇന്ന് സമൂഹമാധ്യമത്തിൽ താരമായിരുന്നു. ഈ വീഡിയോ റീ പോസ്റ്റ് ചെയ്ത്, നമുക്കെന്നാണ് ചെന്നൈയിലൂടെ ഒന്നിച്ച് സൈക്കിളോടിക്കാനാകുക എന്ന രാഹുലിന്റെ ചോദ്യവും സോഷ്യൽ മീഡിയ എറ്റെടുത്തു. എപ്പോഴാണോ രാഹുൽ ഫ്രീയാകുന്നത് ആ സമയത്ത് നമുക്ക് ഒന്നിച്ച് ചെന്നൈയിലൂടെ സൈക്കിളോടിക്കാമെന്ന് സ്റ്റാലിന്റെ മറുപടി. മധുരമിഠായി നിറച്ചൊരു പെട്ടി നിങ്ങൾക്കായി കരുതിവെക്കാമെന്നും അതിന് ശേഷം എന്റെ വീട്ടിൽ ദക്ഷിണേന്ത്യൻ ഭക്ഷണം നൽകാമെന്നുള്ള അധികവാഗ്ദാനവും സ്റ്റാലിന്റെ വക രാഹുലിന് ലഭിച്ചു.
ഇന്ന് രാവിലെ സ്റ്റാലിൻ എക്സിൽ പങ്കുവെച്ച പോസ്റ്റും അതിന് രാഹുൽ ഗാന്ധിയുടെ റീ പോസ്റ്റും സ്റ്റാലിന്റെ മറുപടിയുമാണിത്. ഏതായാലും ഇരു നേതാക്കളും അധികം വൈകാതെ ചെന്നൈയിലൂടെ സൈക്കിളോടിക്കുന്നത് കാണാനാകുമെന്നാണ് പ്രതീക്ഷ.