ജിദ്ദ – പുതിയ ഇറാന്‍ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട മസ്ഊദ് പെസെഷ്‌കിയാനെ അനുമോദിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും. രണ്ടു സഹോദര രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് തുടരാനും പ്രാദേശികവും അന്തര്‍ദേശീയവുമായ സുരക്ഷയും സമാധാനവും വര്‍ധിപ്പിക്കാന്‍ പരസ്പര ഏകോപനവും കൂടിയാലോചനയും തുടരാനും ആഗ്രഹിക്കുന്നതായി മസ്ഊദ് പെസെഷ്‌കിയാന് അയച്ച അനുമോദന സന്ദേശത്തില്‍ സല്‍മാന്‍ രാജാവ് പറഞ്ഞു.
ഇറാന്‍ പ്രസിഡന്റിന് ആയുരാരോഗ്യങ്ങളും ഇറാന്‍ ജനതക്ക് കൂടുതല്‍ പുരോഗതിയും അഭിവൃദ്ധിയും നേരുന്നതായും സല്‍മാന്‍ രാജാവ് പറഞ്ഞു. രണ്ടു രാജ്യങ്ങളെയും ജനങ്ങളെയും ഒരുമിപ്പിക്കുന്നതും പൊതുതാല്‍പര്യങ്ങള്‍ക്ക് ഗുണകരവുമായ ബന്ധങ്ങള്‍ വികസിപ്പിക്കാനും അഗാധമാക്കാനും അതിയായി ആഗ്രഹിക്കുന്നതായി ഇറാന്‍ പ്രസിഡന്റിന് അയച്ച അനുമോദന സന്ദേശത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പറഞ്ഞു.
ഇറാനെ ലോകത്തിനു മുന്നില്‍ തുറന്നുകൊടുക്കുമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം നല്‍കുമെന്നും പ്രതിജ്ഞയെടുത്ത മിതവാദി സ്ഥാനാര്‍ഥി മസ്ഊദ് പെസെഷ്‌കിയാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ടില്‍ വിജയിച്ചായി ഇറാന്‍ ആഭ്യന്തര മന്ത്രാലയം പറഞ്ഞു. വെള്ളിയാഴ്ച നടന്ന രണ്ടാം റൗണ്ട് തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം വോട്ട് നേടിയ പെസെഷ്‌കിയാന്‍ അടുത്ത ഇറാന്‍ പ്രസിഡന്റ് ആകുമെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഇറാനിലെ പശ്ചിമ അസര്‍ബൈജാന്‍ ഗവര്‍ണറേറ്റിലെ മഹാബാദ് നഗരത്തില്‍ 1954 സെപ്റ്റംബര്‍ 29 ന് പിറന്ന മസ്ഊദ് പെസെഷ്‌കിയാന്‍ ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രായംകൂടിയ സ്ഥാനാര്‍ഥിയും പരിഷ്‌കരണ വിഭാഗത്തില്‍ നിന്നുള്ള ഏക സ്ഥാനാര്‍ഥിയുമായിരുന്നു.
2001 മുതല്‍ 2005 വരെ രണ്ടാം മുഹമ്മദ് ഖാതമി സര്‍ക്കാറില്‍ ആരോഗ്യ മന്ത്രിയായി സര്‍ജനറായ പെസെഷ്‌കിയാന്‍ സേവനമനുഷ്ഠിച്ചിരുന്നു. തിബ്‌രീസ് ഏരിയയില്‍ നിന്ന് തുടര്‍ച്ചയായി അഞ്ചു തവണ എം.പിയായും 2016 മുതല്‍ 2020 വരെ ഡെപ്യൂട്ടി സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2022 ല്‍ ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ ഇറാന്‍ യുവതി മെഹ്‌സാ അമീനി സുരക്ഷാ ഉദ്യോഗസ്ഥരുടെ ക്രൂരമര്‍ദനത്തിനിരയായി മരിച്ച സംഭവത്തില്‍ ഇറാന്‍ ഭരണാധികാരികള്‍ സ്വീകരിച്ച നിലപാടിനെ പരസ്യമായി ഇദ്ദേഹം വിമര്‍ശിച്ചിരുന്നു. ഭരണഘടനാ സംരക്ഷണ കൗണ്‍സില്‍ (കൗണ്‍സില്‍ ഓഫ് ഗാര്‍ഡിയന്‍സ്) അംഗീകരിക്കാത്തതിനാല്‍ 2021 ലെ പതിമൂന്നാമത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഇദ്ദേഹത്തെ അകറ്റിനിര്‍ത്തിയിരുന്നു.