ജിദ്ദ – ജൂണ്‍ മാസത്തില്‍ സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയില്‍ കുറവ് രേഖപ്പെടുത്തി. പ്രതിദിന എണ്ണ കയറ്റുമതി 60,47,0000 ബാരലായാണ് കുറഞ്ഞത്. മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ പ്രതിദിന എണ്ണ കയറ്റുമതിയില്‍ 71,000 ബാരലിന്റെ വീതം കുറവ് രേഖപ്പെടുത്തി.
സൗദി അറേബ്യയുടെ ആകെ എണ്ണയുല്‍പാദനം ജൂണില്‍ 88,30,000 ബാരലായും കുറഞ്ഞു. ആകെയുല്‍പാദനത്തില്‍ പ്രതിതിനം 1,63,000 ബാരലിന്റെ വീതം കുറവാണുണ്ടായത്. വൈദ്യുതി ഉല്‍പാദനത്തിനും സമുദ്രജല ശുദ്ധീകരണത്തിനുമുള്ള ക്രൂഡ് ഓയില്‍ ഉപയോഗത്തില്‍ ജൂണില്‍ പ്രതിദിനം 1,60,000 ബാരലിന്റെ വര്‍ധന രേഖപ്പെടുത്തി. പ്രതിദിനം 5,58,000 ബാരല്‍ ക്രൂഡ് ഓയിലാണ് വൈദ്യുതി ഉല്‍പാദനത്തിനും സമുദ്രജല ശുദ്ധീകരണത്തിനും ഉപയോഗിച്ചത്.
സൗദി അറേബ്യയുടെ പക്കലുള്ള അസംസ്‌കൃത ക്രൂഡ് ഓയില്‍ ശേഖരം ജൂണില്‍ 13.4 കോടി ബാരലായി കുറഞ്ഞു. സൗദി റിഫൈനറികളില്‍ ജൂണില്‍ പ്രതിദിനം ഉപയോഗിച്ച ക്രൂഡ് ഓയില്‍ 24.23 ലക്ഷം ബാരലായി കുറഞ്ഞു. റിഫൈനറികളിലെ ക്രൂഡ് ഓയില്‍ ഉപയോഗത്തില്‍ ദിവസേന ശരാശരി 5,23,000 ബാരലിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
സൗദിയില്‍ എണ്ണയുല്‍പന്നങ്ങള്‍ക്കുള്ള പ്രതിദിന ആവശ്യം 27.46 ലക്ഷം ബാരലായി ജൂണില്‍ ഉയര്‍ന്നു. മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ പ്രാദേശിക വിപണിയില്‍ എണ്ണയുല്‍പന്നങ്ങളുടെ പ്രതിദിന ആവശ്യത്തില്‍ 3,91,000 ബാരലിന്റെ വര്‍ധനയാണുണ്ടായത്. ജൂണില്‍ എണ്ണയുല്‍പന്നങ്ങളുടെ പ്രതിദിന കയറ്റുമതി 13,66,000 ബാരലായും ഉയര്‍ന്നു. പ്രതിദിന കയറ്റുമതിയില്‍ 1,45,000 ബാരലിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.