റിയാദ്: സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ 2025 വർഷത്തെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ അംഗത്വ കാമ്പയിൻ ഡിസംബർ 15ന് ഞായറാഴ്ച അവസാനിക്കുമെന്ന് നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് എന്നിവർ പറഞ്ഞു. കാമ്പയിന്റെ അവസാന മണിക്കൂറുകളിൽ സൗദിയിലുടനീളം കെഎംസിസി പ്രവർത്തകർ പദ്ധതിയിൽ അംഗങ്ങളെ ചേർക്കുന്നതിനുള്ള തിരക്കിട്ട ശ്രമത്തിലാണ്. സൗദിയിലെ മുഴുവൻ പ്രവാസികൾക്കും അംഗങ്ങളാകാവുന്ന പദ്ധതിയിൽ എല്ലാവരും പങ്കാളികളാകണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു. കോഴിക്കോട് ആസ്ഥാനമായുള്ള കെഎംസിസി കേരള ട്രസ്റ്റ് ആണ് സുരക്ഷാ പദ്ധതി നടത്തി വരുന്നത്.
ഒക്ടോബർ 15ന് ആരംഭിച്ച അംഗത്വ കാമ്പയിനാണ് ഞായറാഴ്ച അവസാനിക്കുന്നത്. വിവിധ സെൻട്രൽ കമ്മിറ്റികളുടെ മേൽനോട്ടത്തിൽ, കീഴ്ഘടകങ്ങൾ വഴി നേരിട്ടും ഓൺലൈൻ വഴിയുമായി ഇതിനകം ആയിരങ്ങളാണ് പദ്ധതിയിൽ അംഗത്വമെടുത്തിട്ടുള്ളത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ പേർ ഇത്തവണ പദ്ധതിയിൽ അംഗങ്ങളാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെഎംസിസി നാഷണൽ കമ്മിറ്റി മുഖ്യ രക്ഷധികാരി കെ.പി മുഹമ്മദ്‌കുട്ടി, ട്രഷറർ അഹമ്മദ് പാളയാട്ട്, ചെയർമാൻ ഖാദർ ചെങ്കള, സുരക്ഷാ പദ്ധതി ചെയർമാൻ അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി, കോ ഓർഡിനേറ്റർ റഫീഖ് പാറക്കൽ എന്നിവർ അഭ്യർത്ഥിച്ചു.
സൗദിയിൽ അഞ്ച് മേഖലകളാക്കിയാണ് പദ്ധതിയുടെ പ്രചാരണം നടന്നത്. ഉസ്മാനലി പാലത്തിങ്ങലിന്റെ നേതൃത്വത്തിൽ ബഷീർ മൂന്നിയൂർ, ഹാരിസ് കല്ലായി, ആലികുട്ടി ഒളവട്ടൂർ, സമദ് പട്ടനിൽ, ഫൈസൽ ബാബു ഊർക്കടവ് എന്നിവരുടെയും നാഷനൽ കമ്മിറ്റി, സെൻട്രൽ കമ്മിറ്റി ഭാരവാഹികളുടെയും കോ ഓർഡിനേറ്റർമാരുടെയും മേൽനോട്ടത്തിലാണ് പ്രചാരണ പ്രവർത്തനങ്ങൾ എകോപിപ്പിച്ചത്.
പദ്ധതി ആരംഭിച്ച് ഒരു വ്യാഴവട്ടക്കാലത്തിനിടയിൽ അംഗങ്ങളായ അറുനൂറോളം പേരാണ് മരണപ്പെട്ടത്. കുടുംബ നാഥന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് നിരാലംബരായ കുടുംബത്തിന് താങ്ങായി മാറിയ സാമൂഹ്യ സുരക്ഷാ പദ്ധതി വഴി നാല്പത് കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ ഇതോടകം വിതരണം ചെയ്തു. രണ്ടായിരത്തിൽപരം പേർക്ക് ചികിത്സാ സഹായവും നൽകി. മൂന്ന് ലക്ഷം രൂപ മരണാനന്തര സഹായം പ്രഖ്യാപിച്ച് 2014 ൽ ആരംഭിച്ച പദ്ധതിയിൽ തുടർച്ചയായി ചേർന്നിട്ടുള്ള അംഗത്തിന് മരണം സംഭവിച്ചാൽ അടുത്ത വർഷം മുതൽ ആശ്രിതർക്ക് 12 ലക്ഷം രൂപയാണ് ആനുകൂല്യമായി നൽകുന്നത് . പത്ത് വർഷം അംഗങ്ങളായവർക്ക് പത്ത് ലക്ഷവും രണ്ട് മുതൽ പത്ത് വർഷം വരെ അംഗങ്ങളായവർക്ക് ആറ് ലക്ഷവും ആദ്യമായി അംഗങ്ങളാകുന്നവർക്ക് മൂന്ന് ലക്ഷം രൂപയുമാണ് മരണനന്തരം ആശ്രിതർക്ക് ആനുകൂല്യമായി ലഭിക്കുക.
മരണാനന്തര ആനുകൂല്യങ്ങൾക്ക് പുറമെ അംഗമായ ഒരാൾക്ക് നിയമാവലിയിൽ രേഖപെടുത്തിയ രോഗങ്ങൾ ബാധിച്ചാൽ തുടർചികിത്സക്ക് ആവശ്യമായ സഹായവും പദ്ധതി വഴി നൽകി വരുന്നുണ്ട്. സൗദിയിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് കക്ഷി, രാഷ്ട്രീയത്തിനും ജാതി, മത ചിന്തകൾക്കുമതീതമായി അംഗത്വമെടുക്കാവുന്ന പ്രവാസ ലോകത്തെ ഏറ്റവും വലിയ പരസ്പര സഹായ പദ്ധതിയാണിത്
തികച്ചും വ്യവസ്ഥാപിതവും സുതാര്യവുമായി നടപ്പാക്കി വരുന്ന പദ്ധതിയിൽ കാമ്പയിൻ കാലയളവിൽ ഓൺലൈൻ വഴിയും നേരിട്ടും അംഗത്വമെടുക്കാനും പുതുക്കുവാനും കഴിയും. mykmcc.org എന്ന വെബ്സൈറ്റ് വഴി അംഗത്വമെടുക്കാൻ സാധിക്കും.
സെൻട്രൽ കമ്മിറ്റികൾ നിശ്ചയിക്കുന്ന ഉപസമിതിയും കോർഡിനേറ്റർമാരുമാണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നത്. കീഴ്ഘടകങ്ങളായ ഏരിയ, ജില്ലാ, മണ്ഡലം കമ്മിറ്റികൾ താഴെ തട്ടിലുള്ള പ്രവർത്തകരെയും പ്രവാസികളെയും നേരിട്ട് കണ്ട് ഇതിന്റെ പ്രാധാന്യവും നേട്ടവും ബോധ്യപ്പെടുത്തിയാണ് പദ്ധതിയിൽ അംഗത്വം നൽകുന്നത്.
തുടർച്ചയായി ആറ് വർഷം പദ്ധതിയിൽ അംഗമായി, പ്രവാസമവസാനിപ്പിച്ചവരും 60 വയസ്സ് കഴിഞ്ഞവരുമായ അംഗത്തിന് മാസാന്തം 2000 രൂപ പെൻഷൻ നൽകുന്ന ഹദിയ്യത്തു റഹ്‍മ എന്ന പദ്ധതിയും ഇതോടനുബന്ധിച്ച് കഴിഞ്ഞ വർഷം മുതൽ നാഷണൽ കമ്മിറ്റി ആരംഭിച്ചിട്ടുണ്ട്. ജീവിതത്തിന്റെ പച്ചപ്പ് സ്വപ്നം കണ്ട് കടൽ കടന്ന്, വർഷങ്ങൾ കഴിഞ്ഞിട്ടും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാതെ, അകാലത്തിൽ കൊഴിഞ്ഞു പോകുന്ന പ്രവാസികളുടെ ആശ്രിതരെ ചേർത്ത് പിടിക്കുന്ന സമാനതകളില്ലാത്ത ഈ സേവന പദ്ധതിയാണിതെന്നും ഭാരവാഹികൾ അറിയിച്ചു.