കോഴിക്കോട്-സ്കൂളുകളില്‍ ലഹരിക്കെതിരെ സുംബ നൃത്തം കളിക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ സമസ്ത, വിസ്ഡം നേതാക്കള്‍ രംഗത്ത്. വലിയ കുട്ടികള്‍ പോലും അല്പ വസ്ത്രം ധരിച്ച് കൂടിക്കലര്‍ന്ന് ആടിപ്പാടണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടെങ്കില്‍ അത് പ്രതിഷേധാര്‍ഹമാണെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി വ്യക്തമാക്കി.
നിലവിലുള്ള കായിക പരിശീലനം മെച്ചപ്പെടുത്തുന്നതിനു പകരം ആഭാസങ്ങള്‍ക്ക് നിര്‍ബന്ധിക്കരുത്. മേനിയഴക് പ്രകടിപ്പിക്കാനും ഇടകലര്‍ന്ന് ആടിപ്പാടാനും ധാര്‍മ്മിക ബോധം അനുവദിക്കാത്ത വിദ്യാര്‍ത്ഥികളുടെ വ്യക്തി സ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും നേരെയുള്ള ലംഘനമാവുമിതെന്നും നാസര്‍ ഫൈസി വിശദീകരിച്ചു.
തന്റെ മകന് ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അതിന്റെ പേരില്‍ വിദ്യാഭ്യാസ വകുപ്പ് എടുക്കുന്ന ഏത് നടപടിയും നേരിടാന്‍ തയ്യാറാണെന്നും വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ജനറല്‍സെക്രട്ടറി ടികെ അഷ്റഫ് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചാണ് പൊതുവിദ്യാലയത്തിലേക്ക് തന്റെ കുട്ടിയെ അയക്കുന്നത്. അല്ലാതെ ആണും പെണ്ണും കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് സംഗീതത്തിന്റെ താളത്തില്‍ തുള്ളുന്ന സംസ്കാരം പഠിക്കാനല്ല. ഇത് പുരോഗമനമായി കാണുന്നവര്‍ ഉണ്ടായേക്കാം. താന്‍ ഇക്കാര്യത്തില്‍ പ്രാകൃതനാണെന്നും അഷ്റഫ് വിശദീകരിച്ചു.
ഇതിനോട് വിയോജിപ്പുള്ള ധാരാളം പേരുണ്ട്. പ്രതികരിച്ചാല്‍ എന്താകുമെന്ന ഭീതിയാണ് പലരേയും അസ്വസ്ഥരാക്കുന്നത്. ഇതിനെ എതിര്‍ത്തില്ലെങ്കില്‍ പ്രതിസന്ധികള്‍ക്ക് നാം തലവെച്ചുകൊടുക്കേണ്ടി വരും. ലഹരി വ്യാപനത്തിന്രേയും അടിപിടിയുടേയും ആഘോഷത്വരയുടേയു മറ്റും പേരില്‍ പൊതുവിദ്യാലയത്തില്‍ നിന്ന് അകന്നുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളെ കൂടുതല്‍ അകറ്റുകയാണ് ഇതിലൂടെ സംഭവിക്കുക. അതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു വീണ്ടുവിചാരം നടത്തണമെന്നും ടികെ അഷ്റഫ് ആവശ്യപ്പെട്ടു.