റിയാദ് – മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലുതും നൂതനവുമായ ഫിലിം സിറ്റികളില്‍ ഒന്ന് പശ്ചിമ റിയാദില്‍ തുറന്നു. മേഖലയില്‍ ചലച്ചിത്ര, ടെലിവിഷന്‍ നിര്‍മാണ വ്യവസായത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അല്‍ഹിസ്ന്‍ ബിഗ് ടൈം സ്റ്റുഡിയോസ് എന്ന് പേരിട്ട ഫിലിം സിറ്റി റിയാദ് സീസണിന്റെ ഭാഗമായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആലുശൈഖ് ആണ് ഉദ്ഘാടനം ചെയ്തത്. റെക്കോര്‍ഡ് സമയത്തിനകമാണ് ഫിലിം സിറ്റിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 120 ദിവസമെടുത്ത് നിര്‍മിച്ച ഈ സംയോജിത പ്രദേശത്ത് ആകെ 10,500 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള ഏഴു സ്റ്റുഡിയോ കെട്ടിടങ്ങളുണ്ട്. പദ്ധതി പ്രദേശത്തിന്റെ ആകെ വിസ്തീര്‍ണം മൂന്നു ലക്ഷം ചതുരശ്രമീറ്ററാണ്. ആശാരിപ്പണി, വസ്ത്രങ്ങള്‍ തയ്ക്കല്‍, കൊല്ലപ്പണി വര്‍ക്ക് ഷോപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു പ്രൊഡക്ഷന്‍ വില്ലേജും ഫിലിം സിറ്റിയിലുണ്ട്.
വി.വി.ഐ.പികള്‍ക്കുള്ള ലക്ഷ്വറി സ്യൂട്ടുകള്‍, സിനിമാ പ്രൊഡക്ഷന്‍ ഓഫീസുകള്‍, സംയോജിത എഡിറ്റിംഗ് റൂമുകള്‍ അടക്കമുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ഏറ്റവും ഉയര്‍ന്ന ഉല്‍പാദനക്ഷമത കൈവരിക്കാന്‍ സഹായിക്കുന്ന അനുയോജ്യമായ തൊഴില്‍ അന്തരീക്ഷം ഇവ പ്രദാനം ചെയ്യുന്നു.
സിനിമാ, ടെലിവിഷന്‍ നിര്‍മാണ സജ്ജീകരണങ്ങള്‍ ഒറ്റസ്ഥലത്ത് ഒരുമിച്ചുകൂട്ടി നിര്‍മാണ പ്രക്രിയകള്‍ ലളിതമാക്കാാനും ത്വരിതപ്പെടുത്താനും ഫിലിം സിറ്റിയിലൂടെ ലക്ഷ്യമിടുന്നു. ഇത് സമയവും അധ്വാനവും ചെലവും ലാഭിക്കാനും ആഗോള നിലവാരത്തില്‍ മധ്യപൗരസ്ത്യദേശത്ത് ചലച്ചിത്ര, ടെലിവിഷന്‍ നിര്‍മാണ മേഖലയെ പിന്തുണക്കാനും സഹായിക്കും. ഈ പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുകയും ചെലവ് കുറക്കുകയും ചെയ്യും. ചലച്ചിത്ര, ടെലിവിഷന്‍ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കമ്പനികള്‍ക്കും പുതിയ ഫിലിം സിറ്റി പ്രയോജനം ചെയ്യും.
അത്യാധുനിക സാങ്കേതികവിദ്യകളുള്ള സ്റ്റുഡിയോകള്‍ ഉപയോഗിക്കാന്‍ ആവശ്യമായ ധനസഹായം നല്‍കിക്കൊണ്ട് പ്രൊഡക്ഷന്‍ കമ്പനികളെ പിന്തുണക്കാന്‍ ധന, ബാങ്കിംഗ് മേഖലക്ക് പുതിയ ഫിലിം സിറ്റി അവസരമായി മാറും. ഇത് സൗദിയില്‍ സിനിമാ, ടെവിവിഷന്‍ നിര്‍മാണ വ്യവസായത്തെ പിന്തുണക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിപ്പിക്കുകയും ചലച്ചിത്ര, ടി.വി നിര്‍മാണ മേഖലകളില്‍ ഗുണപരമായ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുകയും ചെയ്യും.
അറബ്, അന്തര്‍ദേശീയ ഉള്ളടക്കങ്ങള്‍ നിര്‍മിക്കാനുള്ള ഒരു മുന്‍നിര കേന്ദ്രം എന്നോണമാണ് അല്‍ഹിസ്ന്‍ സ്റ്റുഡിയോസ് ഉദ്ഘാടനം ചെയ്തതെന്ന് തുര്‍ക്കി ആലുശൈഖ് പറഞ്ഞു. ഈ മാസാവസാനത്തോടെ അല്‍ഹിസ്ന്‍ സ്റ്റുഡിയോസില്‍ ആദ്യ കലാസൃഷ്ടികളുടെ ചിത്രീകരണം ആരംഭിക്കും. ക്രിയേറ്റീവ് ഉള്ളടക്ക വ്യവസായത്തില്‍ സൗദി അറേബ്യയുടെ സാന്നിധ്യം ശക്തമാക്കാനുള്ള തന്ത്രപരമായ ചുവടുവെപ്പാണ് പുതിയ പദ്ധതിയെന്നും തുര്‍ക്കി ആലുശൈഖ് പറഞ്ഞു.
അറബ് ലോകത്ത് സമാനതയില്ലാത്ത പദ്ധതിയാണ് അല്‍ഹിസ്ന്‍ സ്റ്റുഡിയോസ് എന്ന് സൗദി മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരി പറഞ്ഞു. ഉള്ളടക്ക വ്യവസായത്തില്‍ സൗദി അറേബ്യയുടെ മുന്‍നിര സ്ഥാനം ശക്തിപ്പെടുത്തുകയും അന്താരാഷ്ട്ര നിലവാരത്തിലുള്ള കലാപരവും മാധ്യമപരവുമായ നിര്‍മാണത്തെ പിന്തുണക്കുകയും ചെയ്യുന്ന നിലക്ക്, നിക്ഷേപകരെയും പ്രൊഡക്ഷന്‍ കമ്പനികളെയും പിന്തുണക്കാനും ആകര്‍ഷകവും നൂതനവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യാനും ഫിലിം സിറ്റിയില്‍ സംയോജിത സര്‍ക്കാര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നതായും മീഡിയ മന്ത്രി പറഞ്ഞു.