റിയാദ്- ജനക്കൂട്ടം ഇരച്ചുകയറിയതോടെ റിയാദിൽ മെട്രോ സ്റ്റേഷന്റെ ഗേറ്റ് താൽക്കാലികമായി അടച്ചു. കിംഗ് അബ്ദുല്ല ഫൈനാൻഷ്യൽ സിറ്റിയിലെ സ്റ്റേഷന്റെ ഗേറ്റാണ് അടച്ചത്. ഇന്നലെ ഉദ്ഘാടനം ചെയ്ത മെട്രോ വൻ വിജയമാകുന്നതിന്റെ കാഴ്ചയാണ് റിയാദിൽ രണ്ടു ദിവസമായി കാണുന്നത്. വിദേശികളും സ്വദേശികളും മെട്രോ സർവീസിനെ ഒരു പോലെ ഏറ്റെടുത്തു. റിയാദിൽ ഗതാഗതക്കുരുക്ക് ഗണ്യമായി കുറക്കാൻ മെട്രോ സർവീസ് സഹായിച്ചിട്ടുണ്ട്.
കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ മെട്രോയിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കാന്‍ സഹായിക്കും. ആപ്പ് സ്റ്റോറുകളില്‍ ലഭ്യമായ ‘ദര്‍ബ്’ ആപ്പ് വഴി യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ടിക്കറ്റ് വാങ്ങാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍കൂട്ടി ടിക്കറ്റുകള്‍ വാങ്ങാത്തവര്‍ക്ക് മെട്രോ സ്‌റ്റേഷനുകളില്‍ നിന്ന് ടിക്കറ്റ് ലഭിക്കും. സ്‌റ്റേഷനുകളിലെ സ്മാര്‍ട്ട് സ്‌ക്രീനുകളില്‍ നിന്ന് ഒരു മിനിറ്റിനകം ടിക്കറ്റ് വാങ്ങല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകള്‍ മൂന്നു ഭാഷകളെ സപ്പോര്‍ട്ട് ചെയ്യുന്നു. ഏതു റൂട്ടില്‍ എത്ര കാലാവധിയിലുള്ള ടിക്കറ്റാണ് വേണ്ടതെന്ന് സ്‌ക്രീന്‍ വഴി തെരഞ്ഞെടുത്ത ശേഷം ടിക്കറ്റ് നിരക്ക് ‘മദാ’ കാര്‍ഡ് വഴി അടക്കുകയാണ് വേണ്ടത്. പണമടച്ചുകഴിഞ്ഞാലുടന്‍ വെന്‍ഡിംഗ് മെഷീന്‍ ടിക്കറ്റ് പ്രിന്റ് ചെയ്ത് നല്‍കും.
ഒന്നാം ട്രാക്ക് ആയ ഉലയ്യ-ബത്ഹ (ബ്ലൂ ലൈന്‍), നാലാം ട്രാക്ക് ആയ കിംഗ് ഖാലിദ് എയര്‍പോര്‍ട്ട് (യെല്ലോ ലൈന്‍), ആറാം ട്രാക്ക് ആയ അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് ജംഗ്ഷന്‍-ശൈഖ് ഹസന്‍ ബിന്‍ ഹുസൈന്‍ (വയലറ്റ് ലൈന്‍) എന്നീ മൂന്നു റൂട്ടുകളില്‍ ആണ് ഇന്നലെ രാവിലെ മുതല്‍ സര്‍വീസുകള്‍ ആരംഭിച്ചത്. രണ്ടാം ട്രാക്ക് ആയ കിംഗ് അബ്ദുല്ല റോഡ് (റെഡ് ലൈന്‍), അഞ്ചാം ട്രാക്ക് ആയ കിംഗ് അബ്ദുല്‍ അസീസ് റോഡ് (ഗ്രീന്‍ ലൈന്‍) എന്നീ റൂട്ടുകളില്‍ ഡിസംബര്‍ 15 മുതലും മൂന്നാം ട്രാക്ക് ആയ മദീന റോഡ് (ഓറഞ്ച് ലൈന്‍) റൂട്ടില്‍ ജനുവരി അഞ്ചു മുതലും സര്‍വീസുകള്‍ ആരംഭിക്കും.
രണ്ടു മണിക്കൂര്‍ നേരത്തെ ഉപയോഗത്തിനുള്ള ഓര്‍ഡിനറി ക്ലാസ് ടിക്കറ്റിന് നാലു റിയാലും മൂന്നു ദിവസ കാലാവധിയുള്ള ടിക്കറ്റിന് 20 റിയാലും ഏഴു ദിവസ കാലാവധിയുള്ള ടിക്കറ്റിന് 40 റിയാലും ഒരു മാസത്തെ ടിക്കറ്റിന് 140 റിയാലുമാണ് നിരക്ക്. ഫസ്റ്റ് ക്ലാസില്‍ രണ്ടു മണിക്കൂര്‍ ടിക്കറ്റിന് 10 റിയാലും മൂന്നു ദിവസ ടിക്കറ്റിന് 50 റിയാലും ഏഴു ദിവസ ടിക്കറ്റിന് 100 റിയാലും ഒരു മാസത്തെ ടിക്കറ്റിന് 350 റിയാലുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ആറു വയസില്‍ കുറവ് പ്രായമുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് ആവശ്യമില്ല.