റിയാദ് – റിയാദില്‍ ഗതാഗത മേഖലയില്‍ പുതുയുഗപ്പിറവിക്ക് തുടക്കം കുറിച്ച് മെട്രോ സര്‍വീസുകള്‍ ഏറ്റെടുത്ത് റിയാദ്. ബ്ലൂ ലൈനില്‍ (ബത്ഹ, ഉലയ്യ റൂട്ട്) ആണ് ഇന്ന് രാവിലെ ആദ്യമായി സര്‍വീസ് തുടങ്ങിയത്. യാത്രക്കാര്‍ക്കൊപ്പം റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ രാജകുമാരനും മെട്രോ സര്‍വീസില്‍ തലസ്ഥാന നഗരിയിലൂടെ സഞ്ചരിച്ചു. ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിറും ഇന്ന് രാവിലെ മെട്രോയില്‍ യാത്ര ചെയ്തു.
ആദ്യ മണിക്കൂറില്‍ തന്നെ മെട്രോ സര്‍വീസുകള്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ മേഖലാ ജീവനക്കാരില്‍ നിന്നും എയര്‍പോര്‍ട്ട് യാത്രക്കാരില്‍ നിന്നും യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളില്‍ നിന്നും മറ്റും മികച്ച പ്രതികരണമാണുണ്ടായത്. ഏറെ ആവേശത്തോടെയാണ് ഇവര്‍ മെട്രോ സര്‍വീസ് പ്രയോജനപ്പെടുത്തിയത്. മെട്രോ സര്‍വീസുകള്‍ തങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമാണെന്നും യാത്രാ ദുരിതം ലഘൂകരിക്കുന്നതായും യാത്രക്കാര്‍ ഒന്നടങ്കം പറഞ്ഞു.
ഒന്നാം ട്രാക്ക് ആയ ഉലയ്യ-ബത്ഹ (ബ്ലൂ ലൈന്‍), നാലാം ട്രാക്ക് ആയ കിംഗ് ഖാലിദ് എയര്‍പോര്‍ട്ട് (യെല്ലോ ലൈന്‍), ആറാം ട്രാക്ക് ആയ അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് ജംഗ്ഷന്‍-ശൈഖ് ഹസന്‍ ബിന്‍ ഹുസൈന്‍ (വയലറ്റ് ലൈന്‍) എന്നീ മൂന്നു റൂട്ടുകളില്‍ ആണ് ഇന്നു രാവിലെ മുതല്‍ സര്‍വീസുകള്‍ ആരംഭിച്ചത്. മൂന്നു പാതകളില്‍ ഡിസംബര്‍ ഒന്നു മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. രണ്ടാം ട്രാക്ക് ആയ കിംഗ് അബ്ദുല്ല റോഡ് (റെഡ് ലൈന്‍), അഞ്ചാം ട്രാക്ക് ആയ കിംഗ് അബ്ദുല്‍ അസീസ് റോഡ് (ഗ്രീന്‍ ലൈന്‍) എന്നീ റൂട്ടുകളില്‍ ഡിസംബര്‍ 15 മുതലും മൂന്നാം ട്രാക്ക് ആയ മദീന റോഡ് (ഓറഞ്ച് ലൈന്‍) റൂട്ടില്‍ ജനുവരി അഞ്ചു മുതലും സര്‍വീസുകള്‍ ആരംഭിക്കുമെന്ന് റിയാദ് റോയല്‍ കമ്മീഷന്‍ അറിയിച്ചു. ജനുവരി അഞ്ചോടെ ആറു ട്രാക്കുകളിലും പൂര്‍ണ തോതില്‍ സര്‍വീസുകള്‍ നടക്കും.

രണ്ടു മണിക്കൂര്‍ നേരത്തെ ഉപയോഗത്തിനുള്ള ഓര്‍ഡിനറി ക്ലാസ് ടിക്കറ്റിന് നാലു റിയാലും മൂന്നു ദിവസ കാലാവധിയുള്ള ടിക്കറ്റിന് 20 റിയാലും ഏഴു ദിവസ കാലാവധിയുള്ള ടിക്കറ്റിന് 40 റിയാലും ഒരു മാസത്തെ ടിക്കറ്റിന് 140 റിയാലുമാണ് നിരക്ക്. ഫസ്റ്റ് ക്ലാസില്‍ രണ്ടു മണിക്കൂര്‍ ടിക്കറ്റിന് 10 റിയാലും മൂന്നു ദിവസ ടിക്കറ്റിന് 50 റിയാലും ഏഴു ദിവസ ടിക്കറ്റിന് 100 റിയാലും ഒരു മാസത്തെ ടിക്കറ്റിന് 350 റിയാലുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ആറു വയസില്‍ കുറവ് പ്രായമുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് ആവശ്യമില്ല.
ആപ്പ് സ്റ്റോറുകളില്‍ ലഭ്യമായ ദര്‍ബ് ആപ്പ് വഴി യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ടിക്കറ്റ് വാങ്ങാന്‍ റിയാദ് റോയല്‍ കമ്മീഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദര്‍ബ് ആപ്പ് വഴി മുന്‍കൂട്ടി ടിക്കറ്റുകള്‍ വാങ്ങാത്തവര്‍ക്ക് മെട്രോ സ്‌റ്റേഷനുകളില്‍ നിന്ന് ടിക്കറ്റ് ലഭിക്കും. സ്‌റ്റേഷനുകളിലെ സ്മാര്‍ട്ട് സ്‌ക്രീനുകളില്‍ നിന്ന് ഒരു മിനിറ്റിനകം ടിക്കറ്റ് വാങ്ങല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഏതു റൂട്ടില്‍ എത്ര കാലാവധിയിലുള്ള ടിക്കറ്റാണ് വേണ്ടതെന്ന് സ്‌ക്രീന്‍ വഴി തെരഞ്ഞെടുത്ത ശേഷം ടിക്കറ്റ് നിരക്ക് മദാ കാര്‍ഡ് വഴി അടക്കുകയാണ് വേണ്ടത്. പണമടച്ചുകഴിഞ്ഞാലുടന്‍ വെന്‍ഡിംഗ് മെഷീന്‍ ടിക്കറ്റ് പ്രിന്റ് ചെയ്ത് നല്‍കും.
റിയാദ് മെട്രോയില്‍ ആകെ ആറു ട്രാക്കുകളാണുള്ളത്. ഇവയുടെ ആകെ നീളം 176 കിലോമീറ്ററാണ്. മെട്രോ പാതകളില്‍ ആകെ 85 സ്റ്റേഷനുകളുണ്ട്. ഇതില്‍ നാലെണ്ണം പ്രധാന സ്റ്റേഷനുകളാണ്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലാണ് മെട്രോ ട്രെയിന്‍ സഞ്ചരിക്കുക. പ്രതിദിനം 11.6 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയിലാണ് റിയാദ് മെട്രോ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ടിക്കറ്റുമായും മറ്റും ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് റിയാദ് മെട്രോ പദ്ധതി ഏകീകൃത നമ്പറായ 19933 ല്‍ ബന്ധപ്പെടുകയോ, റിയാദ് മെട്രോ വെബ്‌സൈറ്റും സാമൂഹികമാധ്യമങ്ങളിലെ റിയാദ് മെട്രോ അക്കൗണ്ടുകളും സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.