കോഴിക്കോട് – അര നൂറ്റാണ്ട് കാലത്തെ പ്രവാസ സൗഹൃദവും അനുഭവങ്ങളും പങ്ക് വെച്ച് ‘റിയാദ് ഡയസ്‌പോറ’ കോഴിക്കോട് റാവിസ് കടവ് റിസോര്‍ട്ടില്‍ സംഗമിച്ചു. ‘റിയാദ് റൂട്‌സ് റീ യൂണിയന്‍’ എന്ന തലവാചകത്തില്‍ ആഗസ്റ്റ് 17 ന് ശനിയാഴ്ച സംഘടിപ്പിച്ച സമ്മേളനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. റിയാദ് ഡയസ്‌പോറ പോലെയുള്ള സൗഹൃദ കൂട്ടങ്ങള്‍ ഉണ്ടാകുന്നത് പലതരത്തില്‍ നമ്മുടെ നാടിന് ഉപകാരപ്രദമാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഗള്‍ഫ് പൗരന്മാര്‍ കേരളത്തിലേക്ക് ടൂറിസ്റ്റുകളായി കൂടുതല്‍ എത്തിത്തുടങ്ങിയിരിക്കുന്നു. അത് പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ കൂടുതല്‍ സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടിലെ ദുരന്തത്തില്‍ പെട്ട കുടുംബങ്ങളുടെയും അവരുടെ പുനരധിവാസത്തെ കുറിച്ചും മന്ത്രി സംസാരിച്ചു.
രാവിലെ 9:30 ന് ആരംഭിച്ച പരിപാടിയിലേക്ക് ലോകത്തിന്റെ വിവിധ ദിക്കുകകളില്‍ നിന്ന് പ്രതിനിധികളെത്തി. നേരത്തെ റിയാദ് പ്രവാസികളായിരുന്നവര്‍ പലരും ഇപ്പോള്‍ തൊഴിലും നിക്ഷേപകരുമായി ലോകത്തിന്റെ പലയിടത്തും ചിതറിക്കിടക്കുകയാണ്. ഓര്‍മ്മ പുതുക്കാനുള്ള അപൂര്‍വ്വ സംഗമത്തിന് വേദിയൊരുങ്ങിയപ്പോള്‍ സാധ്യമായവരെല്ലാം കോഴിക്കോട്ടെത്തി പരിപാടിയില്‍ പങ്കാളികളായി.
ഡയസ്‌പോറ സമ്മേളനത്തിന്റെ ആദ്യ സെഷനായ വേദി ഉദ്ഘാടനം അബ്ദുസ്സമദ് സമദാനി എം.പി നിര്‍വ്വഹിച്ചു. വേര് തേടിയുള്ള യാത്രയും വേരുകള്‍ കൂട്ടി ഇണക്കിയുള്ള സംഗമവും മികച്ച കാഴ്ചയും അനുഭവവുമാണ് സമ്മാനിച്ചതെന്ന് സമാദാനി പറഞ്ഞു. പ്രവാസികളുടെ വിശാല കാഴ്ചപ്പാടിനെയും നിഷ്‌കപടമായ പ്രവര്‍ത്തനങ്ങളെയും സമദാനി അനുഭവങ്ങള്‍ വിവരിച്ച് അഭിനന്ദിച്ചു.
വര്‍ഷങ്ങളോളം ഒരേ റൂമില്‍ താമസിച്ചവരും ഒരേ സ്ഥലത്ത് തൊഴിലെടുത്തവരും കാലങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍ വൈകാരിക രംഗങ്ങള്‍ക്ക് ഡയസ്‌പോറ വേദി സാക്ഷിയായി. ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത ഡോ. എം കെ മുനീര്‍ എം എല്‍ എ റിയാദ് ഡയസ്‌പോറയെന്ന ആശയത്തെ അഭിനന്ദിച്ചു. പ്രവാസികളുടെ വൈകാരിക അടുപ്പത്തെ കുറിച്ചും ഡയസ്‌പോറ പോലെയുള്ള കൂട്ടമായുടെ ആവശ്യകതയെ കുറിച്ചും സംസാരിച്ച മുനീര്‍ പാട്ട് പാടി സദസ്സിനെ ആസ്വദിപ്പിച്ചാണ് മടങ്ങിയത്.
റിയാദ് പ്രവാസികള്‍ ഒരു കാലത്ത് ഏറെ ആസ്വദിച്ച പ്രവാസി കലാകാരന്മാരുടെ ശബ്ദം ഡയസ്‌പോറയുടെ വേദിയില്‍ വീണ്ടും മുഴങ്ങി. എണ്‍പതുകള്‍ മുതല്‍ റിയാദില്‍ പാടിയിരുന്ന ഗായകരും ഗായികമാരും ഡയസ്‌പോറയില്‍ പാട്ടിനൊപ്പം ചുവടു വെച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ റിയാദ് നഗരം കോഴിക്കോട്ട് പുനരാവിഷ്‌ക്കരിക്കപ്പെട്ടു.
മൂന്നാം സെഷനിലെത്തിയ ടി സിദ്ധിഖ് എം എല്‍ പ്രവാസി സുഹൃത്തുക്കളുടെ കരുതലിനെ കുറച്ചും നമ്മുടെ നാട് വിപത്തുകള്‍ നേരിടുമ്പോള്‍ അവരൊരുമിച്ച് ചെയ്യുന്ന നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പറഞ്ഞു. വിഖ്യാത ഗസല്‍ ഗായകരായ റാസയും ബീഗവും നയിച്ച ഗസല്‍ സായാഹ്നം സമ്മേളനത്തിലെത്തിയ പ്രതിനിധികളെ ആസ്വാദാനത്തിന്റെ നെറുകയിലെത്തിച്ചു.
റിയാദ് ഡയസ്‌പോറ ചെയര്‍മാന്‍ ഷക്കീബ് കൊളക്കാടന്‍ അധ്യക്ഷ്യനായ ചടങ്ങിന് ചീഫ് കോഡിനേറ്റര്‍ നൗഫല്‍ പാലക്കാടന്‍ ആമുഖവും ജനറല്‍ കണ്‍വീനര്‍ നാസര്‍ കാരന്തൂര്‍ സ്വാഗതവും പറഞ്ഞു. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ അഷ്‌റഫ് വേങ്ങാട്ട് റിയാദ് ഡയസ്‌പോറയുടെ വിഷനും മിഷനും വിശദീകരിച്ചു. ട്രഷറര്‍ ബാലചന്ദ്രന്‍ നായര്‍ നന്ദി പറഞ്ഞു. അയൂബ്ഖാന്‍, ഉബൈദ് എടവണ്ണ, ഷാജി ആലപ്പുഴ, നാസര്‍ കാരക്കുന്ന്, ബഷീര്‍ പാങ്ങോട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
അഡ്വ: അനില്‍ ബോസ്, ഡോ: സൂരജ് പാണയില്‍, ടി എം അഹമ്മദ് കോയ, എന്‍. എം ശ്രീധരന്‍ കൂള്‍ ടെക്, ഷാജി കുന്നിക്കോട്, ബഷീര്‍ മുസ്ലിയാരകത്ത്, ഡേവിഡ് ലൂക്ക്, മുഹമ്മദ് കുട്ടി പെരിന്തല്‍മണ്ണ, മജീദ് ചിങ്ങോലി, സലിം കളക്കര, അഡ്വ. സൈനുദ്ദീന്‍ കൊച്ചി, ഫസല്‍ റഹ്മാന്‍, മുഹമ്മദലി മുണ്ടോടന്‍, മുഹമ്മദ് അലി വേങ്ങാട്ട്, റാഫി കൊയിലാണ്ടി, ഷീബ രാമചന്ദ്രന്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സി കെ ഹസ്സന്‍കോയ, ഇസ്മായില്‍ എരുമേലി തുടങ്ങി വ്യത്യസ്ത മേഖലയിലുള്ളവരും അറുനൂറോളം പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമായി.