ന്യൂദൽഹി- ലോക്സഭയിൽ പ്രധാനമന്ത്രി മോഡിയെയും ബി.ജെ.പിയെയും ആർ.എസ്.എസിനെയും കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ എല്ലാ ഹിന്ദുക്കളെയും ബി.ജെ.പിയും ആർ.എസ്.എസും പ്രതിനിധീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ രാഹുൽ പ്രധാനമന്ത്രി മോഡിയെയും കണക്കിന് പരിഹസിച്ചു. ഞങ്ങളെല്ലാം ജൈവീക മനുഷ്യരാണെന്നും പ്രധാനമന്ത്രിക്ക് ദൈവത്തിൽനിന്ന് നേരിട്ടുള്ള സന്ദേശങ്ങൾ ലഭിക്കാറുണ്ടെന്നുമായിരുന്നു പരിഹാസം.
എല്ലാ ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും മാധ്യമങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്ത്, സമൂഹത്തിൻ്റെ എല്ലാ വിഭാഗങ്ങളിലും ഭീതി പടർത്തുക മാത്രമാണ് ബി.ജെ.പി കഴിഞ്ഞ പത്തുവർഷം ചെയ്തത്. ഇതിനെ ജനം തള്ളിക്കളഞ്ഞുവെന്നും രാഹുൽ പറഞ്ഞു.
കർഷകർ കരി നിയമങ്ങളെ ഭയപ്പെടുന്നു. പേപ്പർ ചോർച്ചയെ ഭയക്കുകയാണ് വിദ്യാർഥികൾ. യുവാക്കൾ തൊഴിലില്ലായ്മയെ ഭയപ്പെടുന്നു. തെറ്റായ ജിഎസ്ടി നടപ്പാക്കൽ, നോട്ട് നിരോധനം, റെയ്ഡുകൾ എന്നിവയെ ചെറുകിട വ്യാപാരികൾ ഭയപ്പെടുന്നു. രാജ്യസ്നേഹികൾ അഗ്നിവീർ പോലുള്ള പദ്ധതികളെ ഭയപ്പെടുന്നു. മണിപ്പൂരിലെ ജനങ്ങൾ ആഭ്യന്തരയുദ്ധത്തെ ഭയപ്പെടുന്നു.
അതുകൊണ്ടാണ് ‘ഭയത്തിൻ്റെ പാക്കേജിന്’ എതിരെ ജനവിധി നൽകി രാജ്യത്തെ ജനങ്ങൾ ബി.ജെ.പിയിൽ നിന്ന് ഭൂരിപക്ഷം തട്ടിയെടുത്തത്. ഭയപ്പെടുന്നതും മറ്റുള്ളവരെ ഭയപ്പെടുത്തുന്നതും ഭീതി പരത്തുന്നതും ഇന്ത്യയുടെ ആത്മാവിന് എതിരാണ്. നമ്മുടെ എല്ലാ മതങ്ങളും ഒരേ കാര്യം പഠിപ്പിക്കുന്നു – ഭയപ്പെടരുത്, മറ്റുള്ളവരെ ഭയപ്പെടുത്തരുത് എന്നാണത്.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ, എൻ്റെ വ്യക്തിപരമായ അഭിലാഷങ്ങൾക്കും കാഴ്ചപ്പാടുകൾക്കും ഉപരിയായി ഇന്ത്യയുടെ ഐക്യശബ്ദം സഭയ്ക്ക് മുന്നിൽ വയ്ക്കേണ്ടത് എൻ്റെ ഉത്തരവാദിത്തമാണ്. പ്രതിപക്ഷത്തെ ശത്രുവായി കാണാതെ മിത്രമായി കണക്കാക്കുകയും രാജ്യതാൽപ്പര്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യണമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും രാഹുൽ പറഞ്ഞു.
മോദിക്ക് മുന്നിൽ വണങ്ങിയ സ്പീക്കർ ഓം ബിർളയെയും രാഹുൽ രൂക്ഷമായി വിമർശിച്ചു. സ്പീക്കറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം എന്തിനാണ് മോദിക്ക് മുന്നിൽ വണങ്ങിയതെന്ന് രാഹുൽ ചോദിച്ചു.
മോദിജിക്ക് കൈ കൊടുത്ത ശേഷം സ്പീക്കർ ചെയ്തത് ഞാന് ശ്രദ്ധിച്ചു. നിങ്ങൾ അദ്ദേഹത്തിന് മുന്നിൽ കുമ്പിട്ടു. ഞാൻ കൈകൊടുത്തപ്പോൾ നിങ്ങൾ നേരെ നിന്നുവെന്നും രാഹുൽ പറഞ്ഞു. എന്നാൽ മുതിർന്നവരെ ബഹുമാനിക്കാനും തുല്യരെ തുല്യരായി കാണാനും തൻ്റെ മൂല്യങ്ങൾ തന്നെ പഠിപ്പിച്ചുവെന്നായിരുന്നു ബിർളയുടെ മറുപടി.
ഇതിന് രാഹുലിന്റെ മറുപടി ഇങ്ങിനെ ആയിരുന്നു. “നിങ്ങൾ പറഞ്ഞതിനെ ഞാൻ മാനിക്കുന്നു. എന്നാൽ ഒരു കാര്യം നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഈ സഭയിൽ നിങ്ങളേക്കാൾ വലിയ ആരും ഇല്ല. ഞങ്ങൾ എല്ലാവരും നിങ്ങളുടെ മുൻപിൽ തലകുനിക്കണം. നിങ്ങൾ ആരുടേയും മുന്നിൽ തലകുനിക്കരുത് എന്നായിരുന്നു.
തിങ്കളാഴ്ച പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തിലാണ് രാഹുൽ കടുത്ത ഭാഷയിൽ വിമർശനം അഴിച്ചുവിട്ടത്. രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ 2024 ലെ നീറ്റ്-യുജി പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകളെ കുറിച്ചും രാഹുൽ പരാമർശിച്ചു.
ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുളളതല്ല ഹിന്ദുമതമെന്ന് രാഹുൽ പറഞ്ഞതോടെ ഹിന്ദുക്കളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് മോദി എഴുന്നേര്റു. ഹിന്ദുക്കളെ രാഹുൽ അക്രമകാരികളെന്ന് വിളിച്ചത് ഗൗരവമായി കാണണമെന്നും പരാമർശത്തിൽ രാഹുൽ മാപ്പുപറയണമെന്നുമായിരുന്നു മോദിയുടെ ആവശ്യം. എന്നാൽ താൻ ഹിന്ദുക്കളെയല്ല, നരേന്ദ്രമോദിയെയും ബിജെപിയെയുമാണ് വിമർശിച്ചതെന്നും ഹിന്ദുവെന്നാൽ ബിജെപിയല്ലെന്നും രാഹുൽ ഗാന്ധി ആവർത്തിച്ചു. ഇതോടെ രാഹുൽ സഭാചട്ടം ലംഘിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ചൂണ്ടിക്കാട്ടി. ഹിന്ദുക്കൾ കൊലപാതകികളാണെന്നാണ് രാഹുൽ പറയുന്നത്. രാഹുൽ ഗാന്ധിയെ നിലയ്ക്ക് നിർത്താൻ സ്പീക്കർ തയ്യാറാകണമെന്ന് അമിത് ഷാ പറഞ്ഞു.
ബി.ജെ.പിക്ക് രാമജന്മഭൂമി തന്നെ മറുപടി നൽകിയെന്നും രാമക്ഷേത്രം പണിതിട്ടും അയോധ്യയിൽ ബിജെപി തോറ്റുവെന്നും രാഹുൽ തുടർന്നു. മോദി അയോധ്യയിൽ നിന്ന് വാരാണാസിയിലേക്ക് പോയത് അവിടെ മത്സരിച്ചാൽ തോൽക്കുമെന്നുറപ്പായതിനാലാണെന്നും അയോധ്യക്കാരെ മാത്രമല്ല ബിജെപി നേതാക്കളെയും മോദി ഭയക്കുകയാണെന്നും രാഹുൽ പരിഹസിച്ചു.
“നീറ്റ് ഒരു പ്രൊഫഷണൽ പരീക്ഷയല്ല; ഇതൊരു വാണിജ്യ പരീക്ഷയാണ്; സമ്പന്നരായ വിദ്യാർത്ഥികൾക്ക് അനുയോജ്യമായ തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നീറ്റ്-യു.ജി വിവാദത്തെക്കുറിച്ച് പാർലമെൻ്റിൽ ഒരു പ്രത്യേക ചർച്ച വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. എന്നാൽ വിദ്യാർത്ഥികളുടെ ഭാവിയിൽ താൽപ്പര്യമില്ലാത്തതിനാൽ സർക്കാർ നീറ്റ് ചർച്ച അനുവദിക്കുന്നില്ലെന്നും രാഹുൽ ആരോപിച്ചു.