റിയാദ്: പരിശുദ്ധിയുടെ പുണ്യദിനങ്ങളെ കൂടുതൽ ധന്യമാക്കി അലിഫ് ഇൻ്റർനാഷണൽ സ്കൂൾ സംഘടിപ്പിച്ച ആറാമത് എഡിഷൻ ഖുർആൻ മുസാബഖയുടെ ഗ്രാൻഡ് ഫൈനൽ മത്സരങ്ങൾക്ക് ഉജ്ജ്വല പരിസമാപ്തി. ഗ്രാൻ്റ് ഫൈനൽ പ്രമുഖ ഇസ്ലാമിക പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായ അമ്മാർ ഇബ്നു നാസർ അൽ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് ഡിപ്പാർട്ട്മെന്റിന് കീഴിൽ എല്ലാ റമദാനിലും സംഘടിപ്പിക്കുന്ന വാർഷിക ഖുർആൻ പാരായണ മത്സരമാണ് ഖുർആൻ മുസാബഖ. ഖുർആനിക സൂക്തങ്ങൾ നിയമാനുസൃതമായി പാരായണം ചെയ്യുന്നതിനുള്ള ശാസ്ത്രീയ പരിശീലനവും പ്രത്യേക മാർഗനിർദ്ദേശവും ലഭിച്ച ഇരുപത് മത്സരാർത്ഥികളാണ് ആറാമത് എഡിഷൻ ഗ്രാൻഡ് ഫൈനലിൽ പങ്കെടുത്തത്.

ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടന്ന ഒന്നാം റൗണ്ടിലും രണ്ടാം റൗണ്ടിലും വിജയിച്ച് യോഗ്യത നേടിയ മത്സരാർത്ഥികൾ ഗ്രാൻ്റ് ഫൈനലിൽ നാല് വിഭാഗങ്ങളിലായാണ് മത്സരിച്ചത്. സ്വബരീ അഹ്മദ് അലി അൽ ഹറാസി, സദ്ദാം ഹസൻ അബ്ദു അദ്ദുർവാനി എന്നിവർ വിധികർത്താക്കളായി. കാറ്റഗറി ഒന്നിൽ മുഹമ്മദ് ഹനാൻ കെ എ (2 സി) ഒന്നാം സ്ഥാനം നേടി. കാറ്റഗറി രണ്ടിൽ ആയിഷ സമീഹ ഇഖ്ബാൽ (3 എ) വിജയിയായി. ഉമ്മു അയ്മൻ (6 എ), ഷുഹൈബ് ഹസ്സൻ (6 എഫ്) എന്നിവർ കാറ്റഗറി മൂന്നിലും ആയിഷാ ലാമിയ (8 എ)കാറ്റഗറി നാലിലും ചാമ്പ്യന്മാരായി.
പരിപാടിയിൽ അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി ഇ ഒ ലുഖ്മാൻ അഹമ്മദ് അധ്യക്ഷതവഹിച്ചു.
ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, ഖുർആൻ മുസാബഖ കോഡിനേറ്റർ മുഹമ്മദ് ആസിഫ് എന്നിവർ സംബന്ധിച്ചു. അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി സ്വാഗതവും സൽമാൻ മുഹ് യിദ്ദീൻ നന്ദിയും പറഞ്ഞു.