ദോഹ – ഗള്‍ഫ് തീരത്തുള്ള ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണം മേഖലയിലുടനീളമുള്ള രാജ്യങ്ങളുടെ വെള്ളംമുട്ടിക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ഥാനി മുന്നറിയിപ്പ് നല്‍കി. ഇത്തരമൊരു ആക്രമണത്തിലൂടെ കടല്‍ പൂര്‍ണമായും മലിനമാകും, ഖത്തറില്‍ മൂന്നു ദിവസത്തിനുള്ളില്‍ വെള്ളം തീര്‍ന്നുപോകും – അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടുപ്പമുള്ള വലതുപക്ഷ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ ടക്കര്‍ കാള്‍സണുമായുള്ള അഭിമുഖത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു. ഇത്തരമൊരു ആക്രമണമുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടി കണ്ട് ഖത്തര്‍ പുതിയ ജലസംഭരണികള്‍ നിര്‍മിച്ചു. ഇവ രാജ്യത്ത് ജലസംഭരണശേഷി വര്‍ധിപ്പിച്ചു. എങ്കിലും ഇത്തരമൊരു ആക്രമണം മേഖലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും അപകടസാധ്യതയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണം വെള്ളവും മത്സ്യവും ജീവനും ഒന്നുമില്ലാത്ത അവസ്ഥ മേഖലയിലുണ്ടാക്കുമെന്ന്, ഇറാനെ ആണവ ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചതായി ട്രംപ് പറഞ്ഞ അതേ ദിവസം പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.
ഇറാന്‍ ആണവ പ്രശ്‌നത്തില്‍ സമാധാന കരാര്‍ കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ മറ്റൊന്ന് പ്രശ്‌നം പരിഹരിക്കുമെന്നും സൈനിക നടപടിയെ കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ട്രംപ് പറഞ്ഞിരുന്നു.
വരണ്ട മരുഭൂ മേഖലയിലെ മറ്റ് ഗള്‍ഫ് രാജ്യങ്ങളെ പോലെ ജലവിതരണത്തിന് സമുദ്രജല ശുദ്ധീകരണത്തെയാണ് ഖത്തർ പ്രധാനമായും ആശ്രയിക്കുന്നത്. ഗള്‍ഫ് തീരത്തെ ബൂഷെഹറില്‍ ഇറാന് ആണവ നിലയമുണ്ട്. ആണവായുധങ്ങള്‍ നിര്‍മിക്കാനുള്ള താക്കോലായ യുറേനിയം സമ്പുഷ്ടീകരണ സൗകര്യങ്ങള്‍ സമുദ്ര തീരത്തു നിന്ന് നൂറുകണക്കിന് കിലോമീറ്റര്‍ അകലെ കരയിലാണ് സ്ഥിതി ചെയ്യുന്നത്. തീരത്തിന്റെ മറുവശത്തുള്ള സ്ഥലങ്ങളെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, ഖത്തറിന് സൈനിക ആശങ്കകള്‍ മാത്രമല്ല, സുരക്ഷാ ആശങ്കകളും ഉണ്ടെന്ന് ശൈഖ് മുഹമ്മദ് അല്‍ഥാനി പറഞ്ഞു.
ഇറാനെതിരായ സൈനിക നടപടിയെ ഖത്തര്‍ എതിര്‍ത്തിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മില്‍ നയതന്ത്ര പരിഹാരം കാണുന്നത് വരെ സമാധാനത്തിനായുള്ള ഖത്തര്‍ ശ്രമങ്ങള്‍ തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.