മലപ്പുറം: നിലമ്പൂര്‍ വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിധേഷിച്ച് ഡിഎംകെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പി വി അന്‍വര്‍ എംഎല്‍എ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എടവണ്ണ ഒതായിയിലുള്ള അന്‍വറിന്റെ വീടിനു സമീപം വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. അറസ്റ്റിന് നീക്കം നടത്തുന്നതായാണ് സൂചന. പ്രദേശത്തെ അന്‍വറിന്റെ അണികളായ ഡിഎംകെ പ്രവര്‍ത്തകരും തടിച്ചു കൂടിയിട്ടുണ്ട്.
മണിയെ ആന ചവിട്ടിക്കൊന്നതില്‍ സ്വാഭാവിക പ്രതിഷേധമാണ് നടന്നതെന്നും അറസ്റ്റുണ്ടായാല്‍ വഴങ്ങുമെന്നും അന്‍വര്‍ പ്രതികരിച്ചു. വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ച നടപടികളില്‍ അസ്വാഭാവികതയുണ്ടെന്നും പിണറായിയും ശശിയും തന്നെ കുടുക്കാന്‍ കാത്തിരിക്കുകയായിരുന്നെന്നും അന്‍വര്‍ ആരോപിച്ചു.