തിരുവനന്തപുരം- മാധ്യമങ്ങളുമായി സംസാരിക്കവേ മുഖ്യമന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയതിന് മാപ്പു ചോദിച്ച് പി.വി അൻവർ എം.എൽ.എ. മുഖ്യമന്ത്രിയല്ല, മുഖ്യമന്ത്രിയുടെ അപ്പനോ അപ്പന്റെ അപ്പനോ വന്നാൽ പോലും മറുപടി പറയുമെന്ന പരാമർശം വിവാദമായതോടെയാണ് മാപ്പുമായി അൻവർ രംഗത്തെത്തിയത്. മുഖ്യമന്ത്രിയോട് ആത്മാർത്ഥമായി മാപ്പു ചോദിക്കുകയാണെന്ന് സമൂഹമാധ്യമത്തിലൂടെ അൻവർ വ്യക്തമാക്കി.
നിയമസഭ മന്ദിരത്തിന് മുന്നിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നടത്തിയ പരാമർശം മുഖ്യമന്ത്രിയെ അപമാനിക്കാൻ വേണ്ടിയുള്ളതായിരുന്നില്ല. എന്നെ കള്ളനാക്കി മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾക്കെതിരെയാണ് ഞാൻ പ്രതികരിച്ചത്. ആരായാലും മറുപടി പറയും എന്ന അർത്ഥത്തിലാണ് ആ വാക്ക് ഉപയോഗിച്ചത്. മുഖ്യമന്ത്രിയോടും കുടുംബത്തിനോടും ക്ഷമ ചോദിക്കുന്നുവെന്നും അൻവർ പറഞ്ഞു.