ന്യൂദൽഹി- ബി.ജെ.പി കടന്നാക്രമിച്ചും ഭരണഘടനയുടെ പവിത്രത സംരക്ഷിക്കേണ്ടത് സംബന്ധിച്ചും പാർലമെന്റിൽ പ്രിയങ്ക ഗാന്ധിയുടെ കന്നിപ്രസംഗം. ഭരണഘടനയെ രാജ്യം അംഗീകരിച്ചതിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള സംവാദത്തിലായിരുന്നു പ്രിയങ്ക പങ്കെടുത്തത്. കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗിന് പിന്നാലെ പ്രതിപക്ഷത്തുനിന്ന് ആദ്യത്തെയാളായി എത്തിയാണ് പ്രിയങ്ക പ്രസംഗിച്ചത്.
ഭരണഘടന രാജ്യത്തെ ജനങ്ങൾക്ക് സുരക്ഷാ കവചമൊരുക്കുന്നു. എന്നാൽ ആ കവചം തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. നീതി ലഭിക്കാൻ അവകാശമുണ്ടെന്നും സർക്കാരിനെതിരെ ശബ്ദമുയർത്താൻ കഴിവുള്ളവരാണെന്നും തിരിച്ചറിയാൻ ഭരണഘടന ജനങ്ങൾക്ക് ശക്തി നൽകിയെന്ന് വ്യക്തമാക്കിയ പ്രിയങ്ക, സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായ നമ്മുടെ സ്വാതന്ത്ര്യസമരം ലോകത്തിലെ അതുല്യമായ ഒന്നായിരുന്നുവെന്നും പറഞ്ഞു.
സാംബാലിലെ ദുഃഖിതരായ കുടുംബങ്ങളിൽ നിന്നുള്ള കുറച്ച് ആളുകൾ ഞങ്ങളെ കാണാൻ വന്നിരുന്നു. അവരിൽ രണ്ട് കുട്ടികളും ഉണ്ടായിരുന്നു. അദ്നാൻ, ഉസൈർ എന്നായിരുന്നു അവരുടെ പേര്. അവരിൽ ഒരാൾക്ക് എൻ്റെ മകൻ്റെ പ്രായമാണ്. മറ്റേയാൾക്ക് പതിനേഴ് വയസും. അവരുടെ അച്ഛൻ ഒരു തയ്യൽക്കാരനായിരുന്നു. അച്ഛന് ഒരേയൊരു സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തൻ്റെ കുട്ടികളെ പഠിപ്പിക്കണം. ഒരു മകനെ ഡോക്ടറാക്കണം. അയാൾ സ്വപ്നങ്ങൾ നെയ്യുകയായിരുന്നു. എന്നാൽ പോലീസ് അയാളെ വെടിവച്ചു കൊന്നു. 17 കാരനായ അദ്‌നാൻ എന്നോട് പറഞ്ഞു. ഞാൻ ഒരു ഡോക്ടറായി വളരും. തൻ്റെ പിതാവിൻ്റെ സ്വപ്നം സാക്ഷാത്കരിക്കും. ഈ സ്വപ്നവും പ്രതീക്ഷയും ഇന്ത്യൻ ഭരണഘടനയാണ് അദ്നാന്റെ ഹൃദയത്തിൽ കുത്തിവെച്ചത്.
ജാതി സെൻസസ് വേണമെന്നാണ് രാജ്യത്തെ ജനങ്ങൾ ആവശ്യപ്പെടുന്നത്. ഭരണപക്ഷത്തിരിക്കുന്ന സഹപ്രവർത്തകൻ ഇക്കാര്യം സൂചിപ്പിച്ചു. ജാതി സെൻസസ് അത്യന്താപേക്ഷിതമാണ്. എല്ലാവരുടെയും അവസ്ഥ അറിയാനും അതനുസരിച്ച് നയങ്ങൾ ഉണ്ടാക്കാനും കഴിയും.
ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം ഇതായിരുന്നില്ലെങ്കിൽ ബി.ജെ.പി ഭരണഘടന മാറ്റാൻ തുടങ്ങുമായിരുന്നു. ബിജെപി ഭൂതകാലത്തെക്കുറിച്ച് സംസാരിക്കുന്നു, ഇപ്പോൾ എന്താണ് തങ്ങൾ ചെയ്യുന്നത് എന്നാണ് അവർ പറയേണ്ടത്. നെഹ്‌റുവാണോ എല്ലാത്തിനും ഉത്തരവാദി. നെഹ്‌റുവിൻ്റെ പേര് പുസ്തകങ്ങളിൽ നിന്നും പ്രസംഗങ്ങളിൽ നിന്നും നിങ്ങൾക്ക് മായ്ക്കാൻ പറ്റുമായിരിക്കും. എന്നാൽ സ്വാതന്ത്ര്യ സമരത്തിലും രാഷ്ട്രനിർമ്മാണത്തിലും അദ്ദേഹത്തിൻ്റെ പങ്ക് ഇല്ലാതാക്കാനാകില്ല.
ലാറ്ററൽ എൻട്രിയിലൂടെയും സ്വകാര്യവൽക്കരണത്തിലൂടെയും സർക്കാർ സംവരണത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു. ഉന്നാവിലെ പീഡനവും മണിപ്പൂർ കലാപവും പ്രിയങ്ക പ്രസംഗത്തിൽ പരാമർശിച്ചു.