ദമാം- പഹൽഗാമിൽ നടന്ന ഭീകരാക്രമണം കൊടുംക്രൂരതയാണെന്നും ഇത്തരം ആക്രമണങ്ങൾ ഉണ്ടാവാതിരിക്കാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്നും പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി ആവശ്യപ്പെട്ടു. വിനോദ സഞ്ചാരികളായ നിരപരാധികളാണ് അവിടെ കൊല്ലപ്പെട്ടത്. ഇത് മാപ്പർഹിക്കാത്ത കുറ്റവും അപലപനീയവുമാണ്. ഈ ക്രൂരതക്കെതിരെ ഇന്ത്യ ഒറ്റക്കെട്ടായി നിൽക്കണം. കുറ്റവാളികൾ ആരായാലും അവരെ വേഗം പിടികൂടാനും ശക്തമായ നടപടികൾക്കും ഭരണകൂടത്തിന് കഴിയണം. എന്നാൽ അതിന്റെ ചുവട് പിടിച്ച് രാജ്യത്ത് വർഗീയത പരത്താൻ ശ്രമിക്കുന്നതും ന്യൂനപക്ഷങ്ങളെ അരികുവൽക്കരിക്കാൻ ശ്രമിക്കുന്നതും അപലപനീയമാണ്.
രാജ്യത്ത് അസ്ഥിരതയും അരക്ഷിതാവസ്ഥയും സൃഷ്ടിച്ച് മുതലെടുക്കുന്ന ഇത്തരം ദുശക്തികൾ ഇതവസരമാക്കുന്നതിൽ എല്ലാവർക്കും ജാഗ്രതയുണ്ടാവണമെന്നും യോഗം അവഗ്യപ്പെട്ടു. അടുത്ത രണ്ട് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി അബ്ദുറഹീം തിരൂർക്കാട് (പ്രസിഡന്റ്), ഷക്കീർ ബിലാവിനകത്ത് (ജന. സെക്രട്ടറി), അഡ്വ. നവീൻ കുമാർ (ട്രഷറർ), സിറാജ് തലശ്ശേരി, ജംഷാദ് അലി (വൈസ് പ്രസിഡന്റ്), ഫൈസൽ കുറ്റ്യാടി, ആരിഫ ബക്കർ (സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു. നാഷണൽ കമ്മിറ്റി പ്രതിനിധികളായ ഖലീൽ പാലോട്, അബ്ദുറഹീം ഒതുക്കുങ്ങൾ, സലീം മാഹി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.