- സി.പി.എം വർഗീയതയെ താലോലിക്കുന്നത് നിർത്തണമെന്ന് മുസ്ലിം ലീഗ്
കോഴിക്കോട്: ഉത്തരേന്ത്യയിൽ ബി.ജെ.പി ചെയ്യുന്നതാണ് കേരളത്തിൽ സി.പി.എമ്മും പയറ്റുന്നതെന്നും ഭൂരിപക്ഷ വർഗീയത പരത്തുന്നത് സി.പി.എമ്മിന്റെ അടിത്തറ തോണ്ടുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിജയം മുസ്ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്ന എ വിജയരാഘവന്റെ പരാമർശം ക്രൂരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
വയനാട്ടിലെ വോട്ടർമാരെ തള്ളിപ്പറയുന്ന രീതിയാണ് വിജയരാഘവന്റെ ഭാഗത്ത് നിന്നുണ്ടായത്. ക്രൂരമാണിത്. ഏറ്റവും വലിയ കുടിയേറ്റ മേഖലയായ വയനാട്ടിൽ എല്ലാവരും ഒറ്റകെട്ടായി നിന്നാണ് വോട്ട് ചെയ്തത്. സി.പി.എം വർഗീയതയെ താലോലിക്കുന്നത് നിർത്തണമെന്നും ഡൽഹിയിൽ കോൺഗ്രസ് നേതാക്കൾക്കും ഇന്ത്യാ മുന്നണിക്കും സിന്ദാബാദ് വിളിക്കുന്ന സി.പി.എം ഇവിടെ വന്ന് കുറ്റം പറയുകയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സി.പി.എമ്മിന് വോട്ട് ചോരുകയാണെന്ന ആധിയുണ്ട്. അതിനാലാണ് അവർ പച്ചയ്ക്ക് വർഗീയത പറയുന്നത്. ഇത് കേരളമാണെന്ന് ഓർക്കണം. വർഗീയത പറഞ്ഞാൽ നെഗറ്റീവ് ഇഫക്ടാണ് ഉണ്ടാവുക. കേരളത്തിൽ യു.ഡി.എഫ് അനുകൂല ട്രെന്റുണ്ട്. അതിനാലാണ് സാമുദായിക സംഘടനകൾ യു.ഡി.എഫിനോട് അടുക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
‘വയനാട്ടിൽ നിന്ന് രണ്ടുപേർ വിജയിച്ചു. രാഹുൽ ഗാന്ധി വിജയിച്ചത് ആരുടെ പിന്തുണയിലാണ്? മുസ്ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയില്ലെങ്കിൽ രാഹുൽ ഗാന്ധി ഇവിടെനിന്ന് ഡൽഹിക്കെത്തുമോ? അദ്ദേഹമല്ലേ കോൺഗ്രസിന്റെ ഏറ്റവും വലിയ നേതാവ്? പ്രിയങ്ക ഗാന്ധി ഇവിടെ വന്നപ്പോൾ ആരെല്ലാമായിരുന്നു അവരുടെ ഓരോ ഘോഷയാത്രയുടേയും മുന്നിലും പിന്നിലും? ന്യൂനപക്ഷ വർഗീയതയിലെ ഏറ്റവും മോശപ്പെട്ട ഘടകങ്ങൾ, തീവ്രവാദ ഘടകങ്ങളും വർഗീയ ഘടകങ്ങളും അതിലുണ്ടായില്ലേ?’ എന്നാണ് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗമായ എ വിജയരാഘവൻ ഇന്നലെ വയനാട്ടിൽ പ്രസംഗിച്ചത്.