ജിദ്ദ – വികസന പദ്ധതിയുടെ ഭാഗമായി റുവൈസ് ഡിസ്ട്രിക്ടില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ജിദ്ദ നഗരസഭാ വക്താവ് മുഹമ്മദ് അല്‍ബഖമി പറഞ്ഞു. റുവൈസില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ നഗരസഭക്ക് പദ്ധതിയുള്ളതായും കെട്ടിടങ്ങള്‍ ഒഴിയാന്‍ ആവശ്യപ്പെട്ട് നഗരസഭ നോട്ടീസുകള്‍ പതിച്ചതായും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതേകുറിച്ച അന്വേഷണത്തിന് മറുപടിയായാണ് പുതുതായി കെട്ടിടങ്ങള്‍ പൊളിക്കാന്‍ നീക്കമില്ലെന്ന് നഗരസഭാ വക്താവ് വ്യക്തമാക്കിയത്.
നഗരദൃശ്യം മെച്ചപ്പെടുത്താനും നഗരസഭാ നിയമ ലംഘനങ്ങള്‍ പരിഹരിക്കാനും ലക്ഷ്യമിട്ടുള്ള നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ഫുട്പാത്ത് കൈയേറ്റം, റോഡ് കൈയേറ്റം അടക്കം നഗരസഭാ സംഘങ്ങള്‍ രേഖപ്പെടുത്തിയ നിയമ ലംഘനങ്ങളില്‍ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടി റുവൈസില്‍ ഫലസ്തീൻ സ്ട്രീറ്റിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ച് ബലദിയയെ സമീപിക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസുകള്‍ പതിച്ചിട്ടുണ്ട്.
പൊതുസ്ഥലങ്ങളിലെ കൈയേറ്റങ്ങള്‍ നീക്കം ചെയ്യാനും നഗരത്തിന്റെ കാര്യക്ഷമത ഉയര്‍ത്താനും ലക്ഷ്യമിട്ട് ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും പങ്കാളിത്തത്തോടെ സമഗ്ര പദ്ധതികള്‍ നഗരസഭ നടപ്പാക്കിവരികയാണെന്നും മുഹമ്മദ് അല്‍ബഖമി പറഞ്ഞു. റുവൈസില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ച് നഗരസഭയെ സമീപിക്കാന്‍ ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് പതിച്ചതിന്റെയും ഉടമകള്‍ വ്യാപാര സ്ഥാപനങ്ങള്‍ ഒഴിയുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.