കാസർകോട്: കാസർകോടിന്റെ എയിംസ് സ്ഥാപിക്കുമെന്ന പ്രതീക്ഷക്ക് മങ്ങലേൽപ്പിക്കും വിധം നിലപാട് വെളിപ്പെടുത്തി മുഖ്യമന്ത്രി. ജില്ലയിൽ എയിംസ് സ്ഥാപിക്കുന്ന കാര്യം നിലവിൽ സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്തി പിണറായി വിജയൻ നിയമസഭയിൽ തുറന്നു പറഞ്ഞു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ യുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
കോഴിക്കോട് കിനാലൂരിൽ കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ എയിംസ് സ്ഥാപിക്കുന്നതിനായി 2017 ൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് ശുപാർശ ചെയ്തതായും മുഖ്യമന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ കാസർകോട് ജില്ലയിലെ സ്ഥലം എയിംസ് പ്രപ്പോസലിൽ സർക്കാർ ഉൾപ്പെടുത്തില്ലെന്ന് വ്യക്തമായി.
കാസർകോട് എയിംസ് സ്ഥാപിക്കുന്ന കാര്യത്തിൽ ഇവിടത്തെ ജനങ്ങൾക്ക് ആകെയുള്ള പ്രതീക്ഷ
കേന്ദ്ര മന്ത്രിയും സിനിമാതാരവുമായ സുരേഷ് ഗോപിയിലാണ്. കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് മുന്തിയ പരിഗണന നൽകുമെന്ന് അദ്ദേഹം ചുമതല ഏറ്റയുടനെ പറഞ്ഞിരുന്നു. കാസർകോട്ടെ എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രയാസം അദ്ദേഹം നേരിട്ട് മനസിലാക്കിയതാണ്.
തിരുവനന്തപുരം തേവൻകോട്, കോട്ടയം ആർപ്പൂക്കര, എറണാകുളം കളമശ്ശേരി, കോഴിക്കോട് കിനാലൂർ എന്നീ നാല് സ്ഥലങ്ങളാണ് 2014 ജൂലൈ 16 ന് കേന്ദ്രത്തിന് നൽകിയ പ്രപ്പോസലിലുള്ളത്. പ്രക്ഷോഭങ്ങൾ നിരവധി നടത്തിയിട്ടും കാസർകോട് ജില്ലയിലെ ജനങ്ങളുടെ പൊതുവികാരം ഉൾക്കൊള്ളാൻ സർക്കാർ തയ്യാറായിട്ടില്ല. നാല് സ്ഥലങ്ങൾ പ്രപ്പോസലിൽ ഉൾപ്പെടുത്തി 2016 ൽ കത്ത് നൽകിയ സർക്കാർ കിനാലൂരിൽ തന്നെ എയിംസ് സ്ഥാപിക്കണമെന്ന രണ്ടാമതൊരു കത്തും 2017 ൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നൽകിയിരുന്നു. നിർദ്ദിഷ്ട കിനാലൂർ ഭൂമിയുടെ സാധ്യതാ പഠനത്തിന് ടീമിനെ നിയോഗിക്കണമെന്ന സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്ത് 2022 ന് നൽകിയെങ്കിലും കേന്ദ്രം ഈ ആവശ്യം ഇതുവരെ പരിഗണിച്ചില്ല. എയിംസ് സ്ഥാപിക്കാൻ 200 ഏക്കർ സ്ഥലം ആവശ്യമായി വരുമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്.