ബെയ്‌റൂത്ത് – തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ ഇന്ന് നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. ജെബ്ശിത്ത് ഗ്രാമത്തില്‍ ഇസ്രായില്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പൗരന്മാര്‍ രക്തസാക്ഷികളായി, ഏഴ് പേര്‍ക്ക് പരിക്കേറ്റു, ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടം തകര്‍ന്നു – നാഷണല്‍ ന്യൂസ് ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു. തൗല്‍ ഗ്രാമത്തില്‍ നാല് പൗരന്മാര്‍ രക്തസാക്ഷികളായി, ആറ് പേര്‍ക്ക് പരിക്കേറ്റു, ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടം തകര്‍ന്നു. ഹാറൂഫ് ഗ്രാമത്തില്‍ രണ്ട് പൗരന്മാര്‍ രക്തസാക്ഷികളായി, ഒരു വീട് തകര്‍ന്നു എന്നും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ടൈര്‍ ജില്ലയിലെ ഹനിയ ഗ്രാമത്തിലെ കൗണ്‍സില്‍ ഓഫ് ദി സൗത്തിലെ ജീവനക്കാരന്റെ വീട് ഇസ്രായില്‍ ആക്രമിച്ച് പൂര്‍ണമായും തകര്‍ത്തു. വ്യോമാക്രമണ സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നത് തടയപ്പെട്ടതിനാല്‍ ജീവനക്കാരന്റെയും മകന്റെയും അമ്മയുടെയും വിധി അജ്ഞാതമായി തുടരുകയാണെന്ന് സൗത്ത് കൗണ്‍സില്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ജീവനക്കാരന്റെയും കുടുംബത്തിന്റെയും വിധി നിര്‍ണ്ണയിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും ആശയവിനിമയം വേഗത്തിലാക്കാന്‍ കൗണ്‍സില്‍ ലെബനീസ് സൈന്യത്തോടും യു.എന്‍ സമാധാന സേനയോടും ജോയിന്റ് ഓപ്പറേഷന്‍സ് കമ്മിറ്റിയോടും അഭ്യര്‍ഥിച്ചു. ഹിസ്ബുല്ലയുടെ ആക്രമണങ്ങള്‍ക്ക് മറുപടിയായി, മാര്‍ച്ച് 2 ന് പുലര്‍ച്ചെ ആരംഭിച്ച ഇസ്രായിലി വ്യോമാക്രമണങ്ങള്‍ക്ക് ശേഷം രണ്ടാഴ്ച മുമ്പ് ലെബനോനും ഇസ്രായിലും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു.



