ജിദ്ദ – സൗദിയില്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് ആവശ്യം വര്‍ധിക്കുന്നതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദിയില്‍ ട്രെയിനുകളില്‍ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം നാലര കോടി കവിഞ്ഞതായി അതോറിറ്റി അറിയിച്ചു. നഗരങ്ങള്‍ക്കകത്തെ ട്രെയിന്‍ സര്‍വീസുകള്‍ 4.2 കോടി യാത്രക്കാര്‍ ഉപയോഗപ്പെടുത്തി. ഇതില്‍ 3.1 കോടി പേര്‍ റിയാദ് മെട്രോയിലാണ് യാത്ര ചെയ്തത്. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓട്ടോമേറ്റഡ് ട്രെയിനിലെ യാത്രക്കാരുടെ എണ്ണം ഏകദേശം ഒരു കോടിയിലെത്തി. റിയാദ് പ്രിന്‍സസ് നൂറ ബിന്‍ത് അബ്ദുറഹ്‌മാന്‍ സര്‍വകലാശാലയിലെ ഓട്ടോമേറ്റഡ് ട്രെയിന്‍ സര്‍വീസ് 6,21,000 യാത്രക്കാര്‍ ഉപയോഗപ്പെടുത്തി. ട്രെയിന്‍ സര്‍വീസുകള്‍ക്കുള്ള വര്‍ധിച്ചുവരുന്ന ആവശ്യത്തെയും നഗരങ്ങള്‍ക്കുള്ളിലെ ഗതാഗതം സുഗമമാക്കുന്നതിലും ഗതാഗതക്കുരുക്ക് കുറക്കുന്നതിലും ട്രെയിന്‍ സര്‍വീസുകള്‍ക്കുള്ള പങ്കിനെയും ഈ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നു.
ജിദ്ദ, മക്ക, മദീന എന്നിവയെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയിലെ യാത്രക്കാരുടെ എണ്ണം മൂന്നു മാസത്തിനിടെ 20 ലക്ഷത്തിലെത്തിയതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. തലസ്ഥാനമായ റിയാദിനെ ബഖീഖ്, അല്‍ഹസ, ഹരദ്, അല്‍ഖര്‍ജ് എന്നീ സ്റ്റേഷനുകള്‍ വഴി കിഴക്കന്‍ പ്രവിശ്യയിലെ ദമാമുമായും ദമാം തുറമുഖവുമായും ബന്ധിപ്പിക്കുന്ന ഈസ്റ്റേണ്‍ റെയില്‍വേയിലെ യാത്രക്കാരുടെ എണ്ണം 3,49,000 കവിഞ്ഞു. റിയാദില്‍ നിന്ന് മജ്മ, അല്‍ഖസീം, ഹായില്‍, അല്‍ജൗഫ്, ഖുറയ്യാത്ത് എന്നിവിടങ്ങളിലൂടെ വടക്കുപടിഞ്ഞാറായി ജോര്‍ദാന്‍ അതിര്‍ത്തിക്കടുത്തുള്ള അല്‍ഹദീസയിലേക്ക് കടന്നുപോകുന്ന നോര്‍ത്തേണ്‍ റെയില്‍വേയില്‍ യാത്രക്കാരുടെ എണ്ണം 2,18,000 ല്‍ എത്തി. ഭൂമിശാസ്ത്രപരമായ കണക്റ്റിവിറ്റിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലും ജീവിത നിലവാരം നിലനിര്‍ത്തുന്നതിലും ഇന്റര്‍സിറ്റി റെയില്‍ ഗതാഗതത്തിന്റെ പങ്ക് ഇത് തെളിയിക്കുന്നു.
മൂന്നു മാസത്തിനിടെ റെയില്‍ മാര്‍ഗം 40 ലക്ഷത്തിലേറെ ടണ്‍ ചരക്കുകള്‍ നീക്കം ചെയ്തു. ഇതില്‍ 30 ലക്ഷം ടണ്‍ നോര്‍ത്തേണ്‍ റെയില്‍വേ ശൃംഖല വഴിയാണ് നീക്കം ചെയ്തത്. ഈസ്‌റ്റേണ്‍ റെയില്‍വേ ശൃംഖലയിലൂടെ 4,48,000 ടണ്ണിലധികം ചരക്കും 1,97,000 കണ്ടെയ്നറുകളും നീക്കം ചെയ്തു. വിതരണ ശൃംഖലകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലും തുറമുഖങ്ങള്‍ക്കും സാമ്പത്തിക മേഖലകള്‍ക്കും ഇടയിലുള്ള ലോജിസ്റ്റിക്കല്‍ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിലും റെയില്‍ മാര്‍ഗമുള്ള ചരക്ക് നീക്കത്തിന്റെ പങ്ക് ഇത് എടുത്തുകാണിക്കുന്നു.



