എട്ടുവർഷത്തിനിടെ രണ്ടാമതും മാധ്യമ പ്രവർത്തനം അവസാനിപ്പിച്ചിരിക്കുകയാണ് കേരളത്തിൽനിന്നുള്ള പ്രമുഖ മാധ്യമപ്രവർത്തകൻ എം.വി നികേഷ് കുമാർ. 2016-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലത്തിൽനിന്ന് മുസ്ലിം ലീഗിലെ കെ.എം ഷാജിയോട് പരാജയപ്പെട്ട ശേഷമാണ് മാധ്യമപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് നികേഷ് കുമാർ ആദ്യം പ്രഖ്യാപിച്ചത്. ഭാഷപോഷിണിക്ക് (2016 ജൂലൈ) നൽകിയ അഭിമുഖത്തിലായിരുന്നു നികേഷിന്റെ പ്രഖ്യാപനം.
ഇനി നിഷ്പക്ഷനാകാൻ സാധിക്കില്ലെന്നും അതുകൊണ്ടു തന്നെ മാധ്യമപ്രവർത്തനം അവസാനിപ്പിക്കുന്നു എന്നുമായിരുന്നു ഈ പ്രഖ്യാപനത്തിന്റെ ആകെത്തുക.
മാധ്യമപ്രവർത്തനം ഒരു ഒബ്‌സഷൻ തന്നെയാണ്. പക്ഷെ, രാഷ്ട്രീയത്തില്‍ ഞാൻ ഇടപെട്ടിരിക്കുന്നു. അതിൽ എന്‍റെ നിലപാട് എന്തെന്ന് പറഞ്ഞിരിക്കുന്നു. ഇനി വീണ്ടും ആ നിലയിൽ നിഷ്പക്ഷ മാധ്യമപ്രവർത്തകനാകാനില്ല. ഞാൻ ഇതാ ഇന്നുമുതൽ നിഷ്പക്ഷ മാധ്യമപ്രവർത്തകനായി എന്ന് പറഞ്ഞ് കേവലം ഒരു വേഷംമാറലിലൂടെ തിരിച്ചുപോക്ക് സാധ്യമല്ല. ടെലിവിഷൻ മാധ്യമത്തിന് വേണ്ടി ഞാൻ പ്രവർത്തിക്കും. ആസൂത്രണങ്ങളിലടക്കം. പക്ഷെ, ഒരു എഡിറ്റർ എന്ന നിലയിലോ ഒരു വാർത്താ അവതാരകൻ എന്ന നിലയിലോ ഇനിയുണ്ടാകില്ല. എനിക്കും വിഷമമുണ്ട്, പറഞ്ഞതിൽ ഉറച്ചുനിൽക്കും.
(നികേഷ് 2016-ൽ പറഞ്ഞത്)
എന്നാൽ മാസങ്ങളുടെ ഇടവേളക്ക് ശേഷം നികേഷ് കുമാർ വീണ്ടും മാധ്യമപ്രവർത്തനത്തിലേക്ക് തിരിച്ചെത്തുകയും റിപ്പോർട്ടർ ടി.വിയുടെ മുഖ്യചുമതലക്കാരനായി മാറുകയും ചെയ്തു. നേരത്തെയുണ്ടായിരുന്നതും പുതുതായി വന്നതുമായ നിരവധി നിയമപ്രശ്നങ്ങളാലും സാമ്പത്തിക പ്രതിസന്ധിയാലും കുരുക്കിലായ റിപ്പോർട്ടറും ഇന്ത്യാവിഷനും പിന്നീട് മരംമുറിക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളുടെ കൈവശമെത്തി. കുപ്രസിദ്ധരായ അഗസ്റ്റിൻ സഹോദരങ്ങൾക്കൊപ്പം ന്യൂസ് റൂമിൽനിൽക്കുന്ന നികേഷ് കുമാറിനെയാണ് പിന്നീട് കേരളം കണ്ടത്. അവിടെനിന്നാണ് ഏറ്റവും ഒടുവിൽ നികേഷ് കുമാർ പുറത്തേക്കിറങ്ങുന്നത്.
മലയാളത്തിൽ വാർത്ത അവതരണ രംഗത്ത് പുതുമാനങ്ങൾ സൃഷ്ടിച്ചയാളാണ് എം.വി നികേഷ് കുമാർ എന്ന കാര്യത്തിൽ ആർക്കും സംശയത്തിന് വകയുണ്ടാകില്ല. സി.പി.എമ്മിലെ തീപ്പൊരി നേതാവും പിന്നീട് സി.പി.എമ്മിനെ വെല്ലുവിളിക്കുകയും ചെയ്ത എം.വി രാഘവന്റെ മകനുമായ നികേഷ് തികച്ചും അപ്രതീക്ഷിതമായാണ് 2016-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി. നേരത്തെ അഴീക്കോട് മണ്ഡലത്തിൽനിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ച എം.വി രാഘവന്റെ അതേ മണ്ഡലത്തിലാണ് നികേഷും മത്സരിക്കാനെത്തിയത്. എന്നാൽ ഇതിൽ പരാജയപ്പെട്ടു. ഏറ്റവും ഒടുവിൽ മാധ്യമപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനം വന്ന പ്രത്യേക പരിപാടിയിലും അഴീക്കോട് തെരഞ്ഞെടുപ്പിന്റെ നിയമനടപടികൾ ഇപ്പോഴും കോടതിയിലാണ് എന്നാണ് നികേഷ് പറയുന്നത്.
ഇടതുരാഷ്ട്രീയത്തിലേക്ക് ചേക്കേറി നികേഷ് മാധ്യമരംഗം വിട്ട വേളയിൽ അതുണ്ടാക്കിയ ശൂന്യത വളരെ വലുതായിരുന്നു. എന്നാൽ മാധ്യമപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കിയുള്ള നികേഷിന്റെ അഭിമുഖം പുറത്തുവന്ന് ഒരു വർഷത്തിന് ശേഷം നികേഷ് തിരിച്ചെത്തി. റിപ്പോർട്ടർ ചാനലിൽ എന്റെ ചോര തിളക്കുന്നു എന്ന തലക്കെട്ടിലായിരുന്നു നികേഷ് പുതിയ പ്രോഗ്രാമുമായി രംഗത്തെത്തിയത്.
മലയാള മാധ്യമ ചരിത്രത്തിന്റെ താളുകളില്‍ കനപ്പെട്ടുകിടക്കാവുന്ന തരത്തിലുള്ള വിപ്ലവങ്ങള്‍ നികേഷ് കുമാര്‍ ഉണ്ടാക്കിയിട്ടുണ്ട്. മാധ്യമവിദ്യാര്‍ഥികള്‍ക്ക് പഠിക്കാനും പകര്‍ത്താനുമായി അതിലേറെ കാര്യങ്ങളുമുണ്ട്. ദല്‍ഹിയില്‍ ജോലി ചെയ്യുന്ന കാലത്ത് തന്നെ മാധ്യമ ലോകത്ത് തന്റെതായ ഇടമുണ്ടാക്കി. ഗുജറാത്ത് കലാപമടക്കം, രാജ്യം കത്തിനിന്ന നിരവധി സംഭവങ്ങള്‍ നികേഷിലൂടെ പുറംലോകമറിഞ്ഞു. മലയാളത്തില്‍ ആദ്യമായി 24 മണിക്കൂര്‍ വാര്‍ത്താ ചാനലിന് തുടക്കം കുറിച്ചതോടെ നികേഷിനെ മലയാളം കൂടുതലറിഞ്ഞു.
2003 ല്‍ സമ്പൂര്‍ണ്ണ വാര്‍ത്താ ചാനലായി ഇന്ത്യാവിഷന്‍ സംപ്രേഷണം തുടങ്ങുമ്പോള്‍ അത് മറ്റൊരു അത്ഭുതമായി. പതിവ് വാര്‍ത്താ രീതികളില്‍നിന്ന് വ്യത്യസ്തമായി മലയാള മാധ്യമമേഖല പുതിയ അധ്യായം രചിച്ച് തുടങ്ങുകയായിരുന്നു. ഈ അത്ഭുതത്തിന്റെ തുടര്‍ച്ചയായാണ് മലയാളത്തില്‍ മറ്റു ചാനലുകള്‍ രംഗത്തെത്തിയത്. നികേഷ് ഇല്ലെങ്കില്‍ മലയാളത്തില്‍ സമ്പൂര്‍ണ വാര്‍ത്താ ചാനലുകള്‍ സംഭവിക്കില്ലേ എന്ന ചോദ്യം ഉന്നയിക്കുന്നവരുണ്ട്. കൊളംബസ് അമേരിക്ക കണ്ടുപിടിച്ചില്ലെങ്കില്‍ അമേരിക്ക ഉണ്ടാകുമായിരുന്നില്ലേ എന്ന കുസൃതി പോലെയാണത്. രണ്ട് ചോദ്യങ്ങള്‍ക്കും അവരവര്‍ക്ക് ഇഷ്ടമുള്ള ഉത്തരം കണ്ടെത്താം.
ഇന്ത്യാവിഷനില്‍നിന്ന് പടിയിറങ്ങിയ നികേഷ് പിന്നീട് സ്വന്തമായി ആരംഭിച്ച റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായി. ഈ ഘട്ടത്തില്‍ മാതൃഭൂമി ആഴ്ച്ചപതിപ്പ് പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ പുതിയ കാലത്തിന്റെ മാധ്യമപ്രവര്‍ത്തനം എങ്ങിനെയായിരിക്കണം എന്ന് നികേഷ് വിശദമായി പറഞ്ഞിരുന്നു. സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനത്തെ പറ്റി, വാര്‍ത്ത തന്നെ കുടിവെള്ളവും വാര്‍ത്ത തന്നെ ഭക്ഷണവുമായി ജീവിക്കുന്ന ഒരാള്‍ക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടാകുക സ്വാഭാവികമാണ്. നികേഷിന്റെ സാന്നിധ്യം കൊണ്ടു തന്നെ റിപ്പോര്‍ട്ടര്‍ ചാനല്‍ തുടക്കത്തിലേ ശ്രദ്ധേയമായി.
നികേഷിനെ പോലുള്ള ഒരാള്‍ മലയാള മാധ്യമ ലോകത്ത്‌നിന്ന് അപ്രത്യക്ഷനാകാന്‍ പാടില്ല. നേരും നെറിയുമുള്ള ചിലരില്‍ ഒരാളാണ് നികേഷ് എന്ന കാര്യത്തില്‍ വലിയ തര്‍ക്കമൊന്നുമില്ല. ആരൊക്കെ എന്തെല്ലാമായാലും ഫാഷിസത്തിന് എതിരായ പോരാട്ടത്തിൽ മാധ്യമ ലോകത്തെ നിറസാന്നിധ്യമായി നികേഷ് ഉണ്ടാകുമെന്ന കാര്യത്തിലും തർക്കത്തിന് വകയില്ല.
നികേഷിന്റെ അസാന്നിധ്യം മലയാള മാധ്യമലോകത്ത് വലിയ ശൂന്യത സൃഷ്ടിക്കുക തന്നെ ചെയ്യും. സി.പി.എം രാഷ്ട്രീയത്തിലൂടെ നികേഷ് തന്റെ പോരാട്ടം തുടരുമെന്ന് പ്രതീക്ഷിക്കും. അല്ലെങ്കിൽ നികേഷ് ഒരിക്കൽ കൂടി മാധ്യമപ്രവർത്തനത്തിലേക്ക് തിരിച്ചെത്തുമെന്നും വിചാരിക്കാം.