ബെയ്‌റൂത്ത് – ഇസ്രായിൽ തലസ്ഥാനമായ തെല്‍അവീവില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി ഹിസ്ബുല്ല ഇസ്രായില്‍ ഗവണ്‍മെന്റിനെയും സൈന്യത്തെയും ഞെട്ടിച്ചു. ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായിലി പോലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് നീക്കി. ഏതാനും കെട്ടിടങ്ങള്‍ക്കും പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന യാത്രക്കാരില്ലാത്ത ബസിനും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു.
തെല്‍അവീവിലെ ബഹുനില കെട്ടിടത്തിലാണ് മിസൈല്‍ പതിച്ചതെന്നും പോലീസ് അറിയിച്ചു. മിസൈല്‍ തകര്‍ക്കാന്‍ തൊടുത്തുവിട്ട ഇന്റര്‍സെപ്റ്റര്‍ ഭാഗങ്ങള്‍ പതിച്ച് രാമത് ഗാനിലെ വൈദ്യുതി ലൈനില്‍ തട്ടി തീപ്പിടിത്തമുണ്ടാവുകയും വൈദ്യുതി ഭാഗികമായി മുടങ്ങുകയും ചെയ്തതായി ഇസ്രായിലിലെ ചാനല്‍-12 റിപ്പോര്‍ട്ട് ചെയ്തു. ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
ദക്ഷിണ ലെബനോനില്‍ ആക്രമണം നടത്താന്‍ ഇസ്രായിലി സൈന്യം തിങ്കളാഴ്ച രാത്രി തൊടുത്തുവിട്ട ഹെര്‍മസ്-450 ഇനത്തില്‍ പെട്ട ഡ്രോണ്‍ ഭൗമ-വ്യോമ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തതായി ഇന്ന് പുലര്‍ച്ചെ ഹിസ്ബുല്ല അറിയിച്ചു. തെല്‍അവീവില്‍ സുപ്രധാന സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടത്തിയതായും ഹിസ്ബുല്ല പറഞ്ഞു. മധ്യബെയ്‌റൂത്തിലെ സഖാഖ് അല്‍ബലാത് ഏരിയയില്‍ ഇന്നലെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.