കോഴിക്കോട്– മര്‍ക്കസ് ഐടിഐ ആന്റ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ജോബ് ഓഫര്‍ ലെറ്റര്‍ നല്‍കി സ്ഥാപനം. പതിമൂന്ന് ട്രേഡുകളിലായി 206 വിദ്യാര്‍ത്ഥികള്‍ക്കാണ് തൊഴില്‍ ലഭിച്ചത്. 30 കമ്പനികളിലെ ജോബ് ഓഫര്‍ ലെറ്ററാണ് കൈമാറിയതെന്നും മര്‍ക്കസ് അറിയിച്ചു.
വേള്‍ഡ് യൂത്ത് സ്‌കില്‍സ് ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘സ്‌കില്‍സ്പിരേഷന്‍ 2025 എന്ന ചടങ്ങിലാണ് ഓഫര്‍ ലെറ്റര്‍ കൈമാറിയത്. യുവജന-സാംസ്‌കാരിക, മത്സ്യബന്ധന വകുപ്പുമന്ത്രി സജി ചെറിയാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മര്‍ക്കസു സഖാഫത്തിസ്സുന്നിയ്യ സ്ഥാപകന്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ സന്നിഹിതനായ ചടങ്ങില്‍ പിടിഎ റഹീം എംഎല്‍എ, എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി ഡയരക്ടര്‍ ഡോ.എം അബ്ദുര്‍റഹിമാന്‍, സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹ്ബൂബ്, കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ എം പ്രവീണ്‍കുമാര്‍, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
ഒപ്പം നടന്ന യൂത്ത് സമ്മിറ്റ് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു. കേരളാ സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ഹുസൈന്‍ സഖാഫി ചുള്ളിയോട് അധ്യക്ഷനായിരുന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി ഗവാസ്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പികെ ഫിറോസ്, കെപിസിസി സെക്രട്ടറി കെപി നൗഷാദലി, ആര്‍ജെഡി സംസ്ഥാന ജനറല്‍സെക്രട്ടറി സലീം മടവൂര്‍, എസ് വൈ എസ് കേരളാ സെക്രട്ടറി കലാം മടവൂര്‍ എന്നിവര്‍ സംബന്ധിച്ചു.