ജിദ്ദ – വാഹനാപകടത്തില്‍ പെട്ട് കോമയിലായ സൗദി യുവാവിന് നാലു വര്‍ഷത്തിനു ശേഷം ബോധം വീണ്ടുകിട്ടി. ഉറങ്ങാന്‍ കിടന്ന താന്‍ പേടിസ്വപ്‌നം കണ്ട് ഉണര്‍ന്നതു പോലെയാണ് തോന്നുന്നതെന്ന് നാലു വര്‍ഷക്കാലം തനിക്ക് ചുറ്റും എന്താണെന്ന് നടക്കുന്നതെന്ന് തെല്ലും അറിയാതെ കോമയില്‍ കഴിഞ്ഞ ഡോ. ഫാരിസ് അബൂബബത്‌നൈന്‍ പറഞ്ഞു. കൊറോണ മഹാമാരി കാലത്ത് സൗദിയിലും ലോകത്തും നടന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തനിക്ക് ഇപ്പോഴും ബുദ്ധിമുട്ടാണ്.
രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം കാറില്‍ റിയാദ് വിടുന്നതിനിടെയാണ് ജീവിതം കീഴ്‌മേല്‍ മറിച്ച അപകടമുണ്ടായത്. തങ്ങള്‍ ഓടിച്ച കാര്‍ രാത്രിയില്‍ റോഡില്‍ അലഞ്ഞുനടക്കുകയായിരുന്ന ഒട്ടകത്തില്‍ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ തനിക്ക് ബോധം നഷ്ടപ്പെട്ടു. സഹപ്രവര്‍ത്തകര്‍ രണ്ടു പേരും അപകടത്തില്‍ മരിച്ചു. ദൈവം തനിക്ക് ജീവിതം വിധിക്കുകയായിരുന്നു. നാലു വര്‍ഷമാണ് താന്‍ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞതെന്നും ഡോ. ഫാരിസ് അബൂബത്‌നൈന്‍ പറഞ്ഞു.