ജയ്പൂർ: സ്വന്തം സഹോദരിയെ കാണാൻ പോകണം എന്നാവശ്യപ്പെട്ടതിന് യുവതിയെ ഭർത്താവ് കയ്യും കാലും കെട്ടി ബൈക്കിന് പിറകിൽ നടുറോഡിലൂടെ കെട്ടിവലിച്ച് പീഡിപ്പിച്ചു. രാജസ്ഥാനിലെ നാഗൗർ ജില്ലയിലാണ് ഭീതിപ്പെടുത്തുന്ന സംഭവം അരങ്ങേറിയത്. സഹായത്തിനായി സ്ത്രീ അലറിവിളിച്ചെങ്കിലും ആരുമെത്തിയില്ല. യുവതി അലമുറയിട്ടതിനെ തുടർന്ന് ബൈക്ക് നിർത്തിയ ഭർത്താവ് ഇവരെ അതിക്രൂരമായി മർദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സ്ത്രീയുടെ മുകളിൽ കയറിയിരുന്നും മറ്റുമാണ് ഇയാൾ മർദ്ദനം നടത്തിയത്. പീഡനത്തിന്റെ 40 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ മാസം നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് പുറത്തുവന്നത്. 40 വയസ്സുള്ള പ്രേം റാം മേഘ്വാൾ എന്നയാളാണ് അക്രമം നടത്തിയത്. തൊഴിൽ രഹിതനും മയക്കുമരുന്നിന് അടിമയുമായ ഇയാൾ 10 മാസം മുമ്പ് ഏകദേശം 2 ലക്ഷം രൂപ കൊടുത്താണ് യുവതിയെ വാങ്ങിയത് എന്നാണ് സൂചന. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. വീഡിയോ ചിത്രീകരിച്ചയാൾക്ക് എതിരെയും കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.
ജയ്സാൽമീറിലെ സഹോദരിയെ കാണാൻ ആഗ്രഹിച്ചതിനാലാണ് ഇയാൾ ഭാര്യയെ ആക്രമിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, വിലക്കുവാങ്ങിയ ഭാര്യയെയാണ് ഇയാൾ മർദ്ദനത്തിന് ഇരയാക്കിയത് എന്നും ചിലർ പറയുന്നു. ഈ മേഖലകളിൽ സ്ത്രീകളെ വിലക്കുവാങ്ങുന്ന രീതികളുണ്ട് എന്ന് റിപ്പോർട്ടുകളുണ്ട്. ഈ രീതിയിൽ ‘വാങ്ങിയ’ സ്ത്രീകൾ അവരുടെ ‘ഭർത്താവ് എന്ന് പറയപ്പെടുന്നവരിൽനിന്നും , ഗ്രാമത്തിലെ മറ്റ് പുരുഷന്മാരിൽ നിന്നും ക്രൂരമായ പീഡനത്തിന് ഇരയാകാറുണ്ട്. കൃഷിയിടങ്ങളിലെ നിർബന്ധിത തൊഴിലാളികളായി ഇവരെ പിന്നീട് മാറ്റും. വീട്ടുജോലികൾ ചെയ്യാനും കിടക്കയിൽ ‘ഭർത്താവിനെ’ തൃപ്തിപ്പെടുത്താനും ഇവർ നിർബന്ധിതരാക്കപ്പെടുന്നു.