കോഴിക്കോട്- പ്രശസ്ത ഗായിക മച്ചാട്ട് വാസന്തി (81) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. നിരവധി നടകങ്ങളിലും സിനിമകളിലും ഗാനമാലപിച്ച മച്ചാട്ട് വാസന്തി വിപ്ലവഗാനങ്ങളിലൂടെയാണ് മലയാളികളുടെ ഹൃദയത്തിലിടം നേടിയത്. നിരവധി നാടകങ്ങളിലും അഭിനയിച്ചു. കെ.പി.എ.സിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, നെല്ലിക്കോട് ഭാസ്കരന്റെ തിളയ്ക്കുന്ന കടൽ, ദേശപോഷിണിയുടെ ഈഡിപ്പസ്, ബഹദൂർ സംവിധാനം ചെയ്ത വല്ലാത്ത പഹയൻ, പി.ജെ ആൻറണിയുടെ ഉഴുവുചാൽ, കുതിര വട്ടം പപ്പുവിനൊപ്പം രാജാ തീയേറ്റേഴ്സിന്റെ കറുത്ത പെണ്ണിലും തിക്കോടിയന്റെ നിരവധി നാടകങ്ങളിലും അഭിനയിക്കുകയും ഗാനമാലപിക്കുകയും ചെയ്തു.
തത്തമ്മേ തത്തമ്മേ നീപാടിയാൽ അത്തിപ്പഴം തന്നിടും, ആരു ചൊല്ലിടും ആരു ചൊല്ലിടും, പച്ചപ്പനംതത്തേ, കുഞ്ഞിപ്പെണ്ണിനു കണ്ണെഴുതാൻ, മണിമാരൻ തന്നത്, പത്തിരി ചുട്ടു വിളമ്പിവിളിച്ചത് തുടങ്ങിയവയാണ് പ്രധാന പാട്ടുകൾ.
കണ്ണൂരിൽ നടന്ന കിസാൻ സഭാ സമ്മേളന വേദിയിലാണ് ആദ്യമായി വാസന്തി പാടുന്നത്. പാടാൻ അറിയാമെന്ന് അറിഞ്ഞപ്പോൾ ഒൻപത് വയസുള്ള വാസന്തിയെ ഇ.കെ നായനാർ വേദിയിലേക്ക് സദസിൽ നിന്ന് എടുത്ത് കയറ്റുകയായിരുന്നു.
പി ജെ ആന്റണിയുടെ “ഉഴവുചാൽ’ നാടകത്തിൽ മൂന്ന് വർഷത്തോളം വേഷമിട്ടു. ബാലൻ കെ നായരും നെല്ലിക്കോട് ഭാസ്ക്കരനും ട്രൂപ്പിൽ. ഉഴവുചാലിലെ വിലാസിനി, നെല്ലിക്കോടിന്റെ തിളക്കുന്ന കടലിലെ ശാന്തടീച്ചർ, ബാലൻ കെ നായർ, കുഞ്ഞാണ്ടി ടീം ഒരുക്കിയ ഈഡിപ്പസിലെ ജെക്കോസ്റ്റ, തിക്കോടിയന്റെ പരകായപ്രവേശത്തിലെ അഞ്ജലി, കുതിരവട്ടം പപ്പു, കെ പി ഉമ്മർ തുടങ്ങിയവർ ഒരുക്കിയ കറുത്ത പെണ്ണിലെ ആമിന, ബഹദൂറിന്റെ ബല്ലാത്ത പഹയനിലെ സൽമ, കണ്ടം ബെച്ച കോട്ടിലെ കുഞ്ഞീബി തുടങ്ങിയ കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. വാർത്ത, പഞ്ചാഗ്നി, അക്ഷരത്തെറ്റ്, അനുബന്ധം, കടലോരക്കാറ്റ്, ഭരണകൂടം, ചന്ത, ഗോഡ്ഫാദർ, ഏയ് ഓട്ടോ, അനുഭൂതി, മഴ പെയ്യുമ്പോൾ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.