മലപ്പുറം– വരാനിരിക്കുന്ന യുഡിഎഫ് മന്ത്രിസഭയിൽ മുസ്ലിം ലീഗിന് അർഹമായ പ്രാതിനിധ്യം ചോദിക്കാതെ തന്നെ ലഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. മുന്നണി രാഷ്ട്രീയത്തിൽ ഇതുവരെ ഒന്നും ചോദിച്ചുവാങ്ങുന്ന രീതി പാർട്ടിക്കില്ല. മുസ്ലിം ലീഗിന്റെ ആവശ്യങ്ങളും പാർട്ടിയുടെ കരുത്തും ഉൾക്കൊള്ളാൻ യുഡിഎഫ് നേതൃത്വത്തിന് എക്കാലവും സാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും യാതൊരുവിധ തർക്കങ്ങൾക്കും ഇടമില്ലാതെ, പൂർണ്ണമായ സഹകരണത്തോടെ മുന്നണിക്ക് മുന്നോട്ടുപോകാൻ കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.