ദമാം – കിഴക്കന്‍ പ്രവിശ്യയിലെ ജുബൈല്‍ തുറമുഖത്തു നിന്ന് റിയാദ് ഡ്രൈഡോക്കിലേക്ക് ഗുഡ്സ് ട്രെയിന്‍ സര്‍വീസിന് തുടക്കമായി. 42 ട്രെയിലറുകളില്‍ വിവിധ ചരക്കുകള്‍ അടങ്ങിയ 59 കണ്ടെയ്നറുകള്‍ വഹിച്ചാണ് ആദ്യ ഗുഡ്സ് ട്രെയിന്‍ റിയാദിലേക്ക് പുറപ്പെട്ടത്. ഭാവിയില്‍ 70 ട്രെയിലറുകളില്‍ 140 കണ്ടെയ്നറുകള്‍ വഹിച്ച് ഈ ട്രെയിന്‍ സര്‍വീസ് നടത്തും. വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ശ്രമിച്ച് സൗദി പോര്‍ട്ട്സ് അതോറിറ്റിയും സൗദി അറേബ്യ റെയില്വെയ്സും തമ്മിലുള്ള സംയോജനത്തിന്റെ ഭാഗമായാണ് ജുബൈല്‍ തുറമുഖത്തു നിന്ന് റിയാദ് ഡ്രൈഡോക്കിലേക്ക് ഗുഡ്സ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്.
കിഴക്കന്‍ സൗദിയില്‍ അറേബ്യന്‍ ഉള്‍ക്കടല്‍ തീരത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളില്‍ ഒന്നാണ് ജുബൈല്‍ കൊമേഴ്സ്യല്‍ സീപോര്‍ട്ട്. നിരവധി വന്‍കിട ഫാക്ടറികള്‍ക്കു സമീപം സ്ഥിതിചെയ്യുന്ന ജുബൈല്‍ തുറമുഖം സൗദി അറേബ്യയുടെ ഏറ്റവും പ്രധാനപ്പെട്ട കയറ്റുമതി കവാടങ്ങളില്‍ ഒന്നാണ്. ജുബൈല്‍ തുറമുഖത്തു നിന്ന് റിയാദ് ഡ്രൈഡോക്കിലേക്ക് ഗുഡ്സ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത് ചരക്ക് ഗതാഗത മേഖലയിലെ വലിയ കുതിച്ചുചാട്ടമായാണ് കണക്കാക്കപ്പെടുന്നത്.