ജിദ്ദ- ആവേശം വാനോളമുയർന്ന കാൽപ്പന്തുകളിയുടെ കലാശപ്പോരിൽ കൊണ്ടോട്ടി മണ്ഡലം ജിദ്ദ കെ.എം.സി.സിക്ക് കിരീടം. കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ സോക്കർ സീസൺ വണിൽ ഏകപക്ഷീയമായ ഒരു ഗോളിന് കൊണ്ടോട്ടി ജേതാക്കളായി. മലപ്പുറം മണ്ഡലമായിരുന്നു എതിരാളികൾ. രണ്ടാം പകുതിയിൽ കൊണ്ടോട്ടിയുടെ ഫഹീം നേടിയ കിടിലൻ ഗോളിലായിരുന്നു കൊണ്ടോട്ടിയുടെ വിജയം. ടൂർണ്ണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് അടക്കം നിരവധി വ്യക്തിഗത പുരസ്കാരങ്ങളും ഫഹീം ഏറ്റുവാങ്ങി.
ജിദ്ദ അൽ മഹ്ജറിലെ എംപറർ സ്റ്റേഡിയത്തിൽ നടന്ന മത്സരം അക്ഷരാർത്ഥത്തിൽ ജിദ്ദയിലെ മലയാളികളുടെ ലോകകപ്പായി മാറുന്നതായിരുന്നു. മൈതാനത്തിന്റെ അതിർവരയോളം നിറഞ്ഞു കവിഞ്ഞ കാണികൾ. രണ്ടാം പകുതിയിൽ ഫഹീം ഗോൾ നേടിയതോടെ കാണികൾ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറി ആഹ്ലാദാരവങ്ങൾ മുഴക്കി. നാട്ടിലെ സെവൻസ് മൈതാനങ്ങളിലെ അതേ ആവേശത്തിൽ മഹ്ജറിലെ മൈതാനം ഇരമ്പിയാർത്തു.
ഇരുടീമുകളും ആവേശം ഒട്ടും ചോരാതെയാണ് ഫൈനലിൽ മത്സരിച്ചത്. ഒരു നിമിഷം പോലും വിരസമാകാത്ത മത്സരം. ഒന്നാം പകുതിയിൽ ഇരുടീമുകളുടെയും ഗോൾ പോസ്റ്റുകൾ ലക്ഷ്യമിട്ട് നിരവധി നീക്കങ്ങൾ നടന്നെങ്കിലും ഗോളായില്ല. രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണോത്സുകമായ പ്രകടനമാണ് കൊണ്ടോട്ടി പുറത്തെടുത്തത്. മലപ്പുറത്തിന്റെ ഗോൾ വല ലക്ഷ്യമാക്കിയുള്ള കൊണ്ടോട്ടിയുടെ കുതിപ്പ് ഫഹീമിന്റെ മിന്നുന്ന ഫിനിഷിംഗിൽ അവസാനിക്കുകയായിരുന്നു.
നേരത്തെ നടന്ന അണ്ടർ 17 മത്സരത്തിൽ ജെ.എസ്.സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് അമിഗോസ് എഫ്.സി ജേതാക്കളായി. അമിഗോസിന് വേണ്ടി നിഷാൽ മുജീബ് രണ്ടു ഗോളുകൾ നേടി. പാർത്ഥിവിന്റെ വകയായിരുന്നു ജെ.എസ്.സിയുടെ ആശ്വാസ ഗോൾ.