ദുബായ്: യു.എ.ഇയുടെ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള മാസ്റ്റേഴ്‌സ് ഫുട്‌ബോൾ അസോസിയേഷൻ (കെഎംഎഫ്എ) സംഘടിപ്പിച്ച മാസ്റ്റേഴ്സ് & ലെജന്റ്സ് ഫുട്ബോൾ ടൂർണമെന്റ് വർണാഭമായി കൊടിയിറങ്ങി. 16 മാസ്റ്റേഴ്സ് (40+) ടീമുകളും 8 ലെജന്റ്സ് ടീമുകളും (50+) 4 വനിതാ ടീമുകളും ഒരു കുടക്കീഴിൽ മാറ്റുരച്ച അവിസ്മരണീയ മുഹൂർത്തമായിരുന്നു ടൂർണമെന്റ്.
ഫുട്ബോൾ മത്സരങ്ങളുടെ ആവേശങ്ങൾക്കുമപ്പുറം 40 വയസ്സ് കഴിഞ്ഞ ഫുട്ബോൾ കളിക്കാരെ ഒരുമിച്ചു നിർത്തുക, ഐക്യം നിലനിർത്തുക, അവർക്കു ഒത്തുകൂടാനുള്ള കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിറുത്തിയാണ് യു.എ.ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കെ.എം.എഫ്.എ ടൂർണമെന്റ് സംഘടിപ്പിച്ചത്. കെ.എം.എഫ്.എ വനിതാ വിഭാഗത്തിന്റെ ഒഫീഷ്യൽ ലോഞ്ചിന്റെ ഭാഗമായാണ് 4 ടീമുകൾ പങ്കെടുത്ത ഫുട്ബോൾ മത്സരവും മറ്റു വനിതാ ഗെയിമുകളും സംഘടിപ്പിച്ചത്. ഇതാദ്യമായാണ് കേരളത്തിലെ ഒരു വനിതാ കൂട്ടായ്മ ഒരു പുരുഷ ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമാവുന്നത്.

കെ.എം.എഫ്.എയെ പ്രതിനിധീകരിച്ച് സി.ഇ.ഒ കമറുദ്ധീൻ, പ്രസിഡന്റ് പ്രദീപ് നമ്പ്യാർ, സെക്രട്ടറി ഷാമിൽ മൊഹ്സിൻ, സി.എഫ്.ഒ ഷിജോ, ടൂർണമെന്റ് കൺവീനർ ഷബീർ, ബി.ഒ.ഡി അംഗങ്ങളായ സാജിദ്, നാസിർ, പ്രശാന്ത്,സതീഷ്, യാസീൻ, ജബ്ബാർ, രാജേഷ്, ഉത്തമൻ, ഷെബു, ശിഹാബ്, മോഹനൻ എന്നിവരും വനിതാ വിഭാഗത്തെ പ്രതിനീകരിച്ചു ഷൈന സഞ്ജയ്, ഷബ്‌ന സുനിൽ, ലിനു ബൈസിൽ, മീന എം പി, ദിവ്യ നമ്പ്യാർ, ലേഖ മേനോൻ, അനുപമ സജി , ജിലു ഡെന്നി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.