അബുദാബി: യു.എ.ഇ ഈദ് അല്‍ ഇത്തിഹാദ് ആഘോഷത്തിന്റെ ഭാഗമായി അബുദാബി സംസ്ഥാന കെ.എം.സി.സി സംഘടിപ്പിച്ച വാക്കത്തോണിൽ ആയിരങ്ങൾ പങ്കെടുത്തു. അബുദാബി കോര്‍ണീഷില്‍ നടന്ന വാക്കത്തോൺ, കമ്മ്യൂണിറ്റി പോലീസ് ഫസ്റ്റ് വാറണ്ട് ഓഫീസര്‍ ആയിഷ ഷെഹി കെ.എം.സി.സി ഭാരവാഹികളായ അഷറഫ് പൊന്നാനി,സിഎച്ച് യൂസുഫ് എന്നിവര്‍ക്ക് യുഎഇ ദേശീയ പതാക കൈമാറി ഫ്‌ളാഗ് ഓഫ് ചെയ്തു.
മുന്‍നിരയില്‍ പ്രധാന ബാനറുമായി സംസ്ഥാന കെഎംസിസി ഭാരവാഹികളും നേതാക്കളും അണിനിരന്നു. തൊട്ടുപിറകിലായി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ബാനറുമായി സെന്റര്‍ ഭാരവാഹിളും നടന്നുനീങ്ങി. തുടര്‍ന്ന് വിവിധ ജില്ലാ കമ്മിറ്റികളുടെ ബാനറുകള്‍ക്കു കീഴില്‍ അതത് ജില്ലയിലെ കെ.എം.സി.സി നേതാക്കളും പ്രവര്‍ത്തരും അണിനിരന്നു. വാക്കത്തോണ്‍ കാണാനും ആശംസകളറിയിക്കാനും കോര്‍ണീഷ് നടപ്പാതയുടെ ഇരുവശങ്ങളിലും വിവിധ രാജ്യക്കാരായ ആയിരങ്ങളാണ് കാത്തുനിന്നത്.
ഈദ് അല്‍ ഇത്തിഹാദ് ആഘോഷത്തോടനുബന്ധിച്ചു കോര്‍ണീഷില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് പേരുടെ മൊബൈല്‍ കാമറകള്‍ കെ.എം.സി.സി വാകത്തോണ്‍ ഒപ്പിയെടുത്തു.
ആവേശം നിറഞ്ഞുതുളുമ്പിയ അന്തരീക്ഷത്തില്‍ നിരവധി വിദേശികളും കെഎംസിസി പ്രവര്‍ത്തകരോടൊപ്പം വാക്കത്തോണില്‍ നടന്നുനീങ്ങുന്നത് കാണാമായിരുന്നു. യുഎഇയുടെ പുരോഗതിയില്‍ അതിരറ്റ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ടാണ് ജനസാഗരം പങ്കാളിക ളായത്. ആഹ്ലാദപ്രകടനത്തിനിടയിലും ഭരണാധികാരികളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി കെഎംസിസി പ്രവര്‍ത്തകര്‍ മനസുനിറയെ പ്രാര്‍ത്ഥിച്ചു.
സംസ്ഥാന കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അഷ്‌റഫ് പൊന്നാനി, ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ്,യു.അബ്ദുല്ല ഫാറൂഖി,എം.പി.എം റഷീദ്,ഭാരവാഹികളായ ഹംസ നടുവില്‍,റഷീദ് പട്ടാമ്പി,അബ്ദുല്‍ ബാസിത് കായക്കണ്ടി,അനീസ് മങ്ങാട്,കോയ തിരുവത്ര,ഷറഫുദ്ദീന്‍ കുപ്പം,ഇ.ടി മുഹമ്മദ് സുനീര്‍,ഷാനവാസ് പുളിക്കല്‍,അബ്ദുല്‍ഖാദര്‍ ഒളവട്ടൂര്‍,അന്‍വര്‍ ചുള്ളിമുണ്ട,ഹംസഹാജി പാറയില്‍,മൊയ്തുട്ടി വെളേറി,സാബിര്‍ മാട്ടൂല്‍,നിസാമുദ്ദീന്‍ പനവൂര്‍,ഹനീഫ പടിഞ്ഞാറമൂല എന്നിവർ നേതൃത്വം നല്‍കി.