മദീന – കിംഗ് സല്‍മാന്‍ ഉംറ, സിയാറത്ത് പദ്ധതിയുടെ ഭാഗമായി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ആതിഥേയത്വത്തില്‍ ഉംറ കര്‍മം നിര്‍വഹിക്കാന്‍ അവസരം ലഭിച്ച ആദ്യ ഗ്രൂപ്പിന്റെ വരവ് പൂര്‍ത്തിയായി. 12 രാജ്യങ്ങളില്‍ നിന്നുള്ള 250 തീര്‍ഥാടകരാണ് ആദ്യ ഗ്രൂപ്പിലുള്ളത്.
ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് കിംഗ് സല്‍മാന്‍ ഉംറ, സിയാറത്ത് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഗ്രൂപ്പില്‍ പെട്ട മുഴുവന്‍ തീര്‍ഥാടകരും മദീന സിയാറത്തോടെയാണ് തീര്‍ഥാടന യാത്രക്ക് തുടക്കം കുറിച്ചിരിക്കുന്നത്. മദീനയിലെ ചരിത്ര കേന്ദ്രങ്ങളും കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സും സന്ദര്‍ശിക്കാനും മസ്ജിദുന്നബവി ഇമാമുമാരുമായും പണ്ഡിതരുമായും കൂടിക്കാഴ്ചകള്‍ നടത്താനും ഇവര്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.
മദീന സിയാറത്ത് പൂര്‍ത്തിയാക്കി രാജാവിന്റെ അതിഥികള്‍ ഉംറ കര്‍മം നിര്‍വഹിക്കാന്‍ മക്കയിലേക്ക് തിരിക്കും. ഈ വര്‍ഷം 66 രാജ്യങ്ങളില്‍ നിന്നുള്ള ആയിരം പേര്‍ക്കാണ് രാജാവിന്റെ അതിഥികളായി ഉംറ കര്‍മം നിര്‍വഹിക്കാന്‍ അവസരമൊരുക്കുന്നത്. 250 പേര്‍ വീതം അടങ്ങിയ നാലു ഗ്രൂപ്പുകളായാണ് ഇവരെ പുണ്യഭൂമിയിലെത്തിക്കുക.