റിയാദ് – ശ്വാസകോശ വീക്കത്തെ തുടര്‍ന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായും രാജാവിന്റെ അസുഖം ഭേദമായതായും റോയല്‍ കോര്‍ട്ട് ഇന്ന് പ്രസ്താവനയില്‍ അറിയിച്ചു. ശ്വാസകോശ വീക്കത്തെ തുടര്‍ന്ന് സല്‍മാന്‍ രാജാവിന് ഞായറാഴ്ച രാത്രിയാണ് പരിശോധനകള്‍ ആരംഭിച്ചത്.
റോയല്‍ ക്ലിനിക്ക് നിര്‍ദേശ പ്രകാരമാണ് രാജാവിന് പരിശോധനകള്‍ നടത്തുന്നതെന്ന് റോയല്‍ കോര്‍ട്ട് ഞായറാഴ്ച രാത്രി പ്രസ്താവനയില്‍ അറിയിച്ചിരുന്നു. കഴിഞ്ഞ മേയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തിലെ റോയല്‍ ക്ലിനിക്കില്‍ സല്‍മാന്‍ രാജാവിന് പരിശോധനകള്‍ നടത്തിയിരുന്നു. രാജാവിന് ശ്വാസകോശ അണുബാധയാണെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു.
ആന്റിബയോട്ടിക്കുകള്‍ അടങ്ങിയ ഒരു ചികിത്സാ പദ്ധതി രാജാവിന്റെ മെഡിക്കല്‍ സംഘം നിര്‍ദേശിച്ചതായും സുഖം പ്രാപിക്കുന്നതു വരെ അല്‍സലാം കൊട്ടാരത്തില്‍ രാജാവ് ചികിത്സ സ്വീകരിക്കുന്നത് തുടര്‍ന്നതായും അന്ന് റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.