കോഴിക്കോട്: അബ്ദുന്നാസർ മഅ്ദനിയെ തീവ്രവാദിയും ഭീകരവാദിയുമായി ചിത്രീകരിച്ച്, രാഷ്ട്രീയ സാമൂഹിക വേദികളിൽനിന്ന് അദ്ദേഹത്തെ അകറ്റി നിർത്താൻ പരിശ്രമിച്ചത് മുസ്‌ലിം ലീഗ് നേതാക്കളാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. ലീഗ് മഅ്ദനിയോട് ചെയ്ത ക്രൂരത ചരിത്രത്തിൽ കുറിച്ചിടപ്പെട്ടതാണ്. വികലാംഗനായ ആ പണ്ഡിതനെ രാക്ഷസീയ വത്കരിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നത് പാണക്കാട് തങ്ങന്മാരും പി കെ കുഞ്ഞാലിക്കുട്ടിയുമാണ്.
മഅ്ദനി ജയിലിൽ കിടന്ന് നരകിക്കുമ്പോൾ പോലും ലീഗ് നേതാക്കൾ മനുഷ്യത്വത്തോടെ അദ്ദേഹത്തോട് പെരുമാറിയിട്ടില്ല. ഇതേ ലീഗുകാരും അവരുടെ പിണിയാളുകളുമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കേരള മുസ്ലിം രാഷ്ട്രീയം അവലോകനം ചെയ്യുന്ന പുസ്തകത്തിൽ സി.പി.എം നേതാവ് പി ജയരാജൻ നടത്തിയ പരാമർശത്തെ പൊക്കിപ്പിടിച്ച് മഅ്ദനിയോട് കപട സ്നേഹം പ്രകടിപ്പിക്കാൻ ശ്രമിക്കുന്നത്.
പുസ്തകം വായിച്ചിട്ടാവട്ടെ പ്രതികരണം. അക്ഷരങ്ങൾ ചുട്ടെരിച്ചത് കൊണ്ട് കാലുഷ്യത്തിൻ്റെ പുക പടല മുയരുകയേയുള്ളു. വിവാദങ്ങൾക്ക് പകരം പി ഡി പി നേതാക്കൾ അഭിപ്രായപ്പെട്ടതു പോലെ സംവാദം നടക്കട്ടെ. അപ്പോൾ ബാബരി മസ്ജിദാനന്തര ഇന്ത്യയിൽ ഏതെല്ലാം പാർട്ടികളും വ്യക്തികളും എന്തെല്ലാം നിലപാടെടുത്തുവെന്നതിൻ്റെ വ്യക്തമായ ചിത്രം ലഭിക്കും. ബാബറി ധ്വംസനം മറയാക്കി ആത്യന്തിക ചിന്താഗതിയിലേക്ക് മുസ്‌ലിം യുവാക്കളെ ആനയിക്കാൻ ശ്രമിച്ചവരെ സൂക്ഷ്മ അവലോകനത്തിലൂടെ അടയാളപ്പെടുത്താൻ എളുപ്പത്തിൽ സാധിക്കുമെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു