ബംഗളൂരു: പ്രശസ്ത കന്നഡ നടനും സംവിധായകനുമായ ഗുരുപ്രസാദി(52)നെ ബംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ‘മാതാ’, ‘എഡേലു മഞ്ജുനാഥ’, ‘ഡയറക്ടേഴ്‌സ് സ്പെഷ്യൽ’ തുടങ്ങിയ പ്രശസ്ത സിനിമകളുടെ സംവിധായകനാണ്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ബംഗളൂരുവിലെ ദസനപുരയിൽ ഇദ്ദേഹത്തിന്റെ വീട്ടിനുള്ളിൽനിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പറഞ്ഞതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഗുരുപ്രസാദ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
അഴുകിയ നിലയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം ഡ്രോയിംഗ് റൂമിൽ കണ്ടതെന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകളും കടക്കാരിൽ നിന്നുള്ള സമ്മർദവും മൂലം ഗുരുപ്രസാദ് ബുദ്ധിമുട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഗുരുപ്രസാദിന്റെ മരണത്തിൽ മുൻ മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ അനുശോചിച്ചു. “പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഗുരുപ്രസാദ് അന്തരിച്ചു എന്നത് ദുഃഖകരമായ വസ്തുതയാണ്. അദ്ദേഹം കർണാടകയ്ക്ക് നിരവധി നല്ല സിനിമകൾ നൽകിയിട്ടുണ്ട്. അദ്ദേഹം ആത്മഹത്യ ചെയ്തത് വളരെ വേദനാജനകമാണെന്നും ബൊമ്മെ പോസ്റ്റ് ചെയ്തു.