ജുബൈൽ: ലോകത്തെ ഏറ്റവും വലിയ വ്യവസായ നഗരങ്ങളിലൊന്നായ സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ നഗരത്തിൽ നൂറുക്കണക്കിന് പ്രവാസി കുടുംബങ്ങൾ പങ്കെടുത്ത ഫാമിലി കോൺഫറൻസ് സമാപിച്ചു. സൗദി മതകാര്യ വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ജുബൈൽ ദഅവാ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന പ്രമേയത്തിൽ നാലു സെഷനുകളിലായി നടന്ന സമ്മേളനം ദമാം ഇസ്ലാമിക് കൾച്ചറൽ സെൻ്ററിലെ ശൈഖ് അബ്ദുൽ ജബ്ബാർ അബ്ദുള്ള അൽ മദീനി ഉൽഘാടനം ചെയ്തു. സമ്മേളന പ്രമേയത്തിൽ ഹുസൈൻ സലഫി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ധാർമ്മിക മൂല്യങ്ങളിലൂന്നിക്കൊണ്ടു മാത്രമേ സാമൂഹ്യ ജീർണതകൾക്ക് പ്രതിവിധി കണ്ടെത്താൻ സാധിക്കുകയുള്ളൂ വെന്നും വികല വിശ്വാസങ്ങളും അനാചാരങ്ങളും ആണ് മിക്ക കുറ്റകൃത്യങ്ങൾക്കും ഇന്ന് കാരണമാക്കുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു. വിശ്വാസ വിശുദ്ധിയിലൂടെ മാത്രമേ സ്ഥായിയായ സംതൃപ്തി കുടുംബങ്ങളിൽ നിലവിൽ വരൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുടുംബം – പുതിയ കാല പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ ബുറൈദ ദഅവാ സെൻ്ററിലെ പ്രബോധകൻ റഫീഖ് സലഫി സംസാരിച്ചു. കുടുംബങ്ങളിൽ ഇന്ന് കാണുന്ന പുതിയ കാല പ്രവണതകളെക്കുറിച്ച് കുടുംബനാഥർ കരുതിയിരിക്കണമെന്നും പ്രശ്നങ്ങളുടെ മൂല കാരണങ്ങൾ കണ്ടെത്തി കൂടുതൽ ജാഗ്രതയോടെ തക്ക സമയത്ത് തന്നെ പരിഹാരങ്ങളുമായി ഇടപെടണമെന്നും അദ്ദേഹം ഉണർത്തി.

സംതൃപ്ത കുടുംബം എന്ന വിഷയം ശിഹാബ് എടക്കര അവതരിപ്പിച്ചു. കേവലം ആധുനിക സാങ്കേതിക വിദ്യകളും സുഖ സൗകര്യങ്ങളും മാത്രം സംതൃപ്ത കുടുംബാന്തരീക്ഷം സൃഷ്ടിക്കുകയില്ലെന്നും രക്ഷിതാക്കളും മക്കളുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തുകയും ബഹുമാനാദരവുകളും അനുസരണ ശീലവും കുടുംബങ്ങളിലേക്ക് തിരിച്ചെത്തുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മനുഷ്യ മസ്തിഷ്കങ്ങളെ മരവിപ്പിക്കാനും കുടുംബ സംവിധാനങ്ങൾ തച്ചു തകർക്കാനുമുള്ള ബോധപൂർവ്വമുള്ള ശ്രമങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം ഉണർത്തി. വിദ്യാർത്ഥികൾക്കായി പ്രത്യേക വേദിയിൽ ബാല സമ്മേളനം അരങ്ങേറി. വ്യത്യസ്ഥ ആക്ടിവിറ്റികളുടെ സഹായത്തോടെ പ്രഭാഷകർ വിദ്യാർത്ഥികളുമായി സംവദിച്ചു. സമ്മേളന ചെയർമാനും ജുബൈൽ ദഅവാ സെൻ്റർ പ്രബോധകനുമായ ഫാഹിം ഉമർ അൽ ഹികമി ആമുഖ ഭാഷണം നടത്തി. ഇബ്രാഹിം അൽ ഹികമി ഹദീസ് ക്ലാസ് അവതരിപ്പിച്ചു. ആസാദ് വളപ്പട്ടണം, അബ്ദുൽ മന്നാൻ, അർശദ് ബിൻ ഹംസ, ഷിയാസ് റഷീദ് വ്യത്യസ്ത സെഷനുകൾ നിയന്ത്രിച്ചു. സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രശ്നോത്തരി വിജയികൾക്കുള്ള സമ്മാനദാനം സുബ്ഹാൻ സ്വലാഹി നിയന്ത്രിച്ചു.

ഹബീബ് റഹ്മാൻ, മൊയ്തീൻ കുട്ടി മലപ്പുറം, ശൈലാസ് കുഞ്ഞു, നിയാസ് മൂത്തേടം, ലമീസ് സംസാരിച്ചു.
രിയാദ് കേന്ദ്രീകരിച്ചു നടക്കുന്ന സൗദിയിലെ ഖുർആൻ ഹദീസ് തുടർ പഠന സംരംഭമായ ക്യു.എച്ച്.എൽ.സി.യുടെ പന്ത്രണ്ടാം ഘട്ട പുസ്തക പ്രകാശനം ഹുസൈൻ സലഫി നിർവ്വഹിച്ചു.
സൗദി ദേശീയ സമിതി പ്രസിഡൻ്റ് പി.കെ.മുഹമ്മദ് കുട്ടി, കിഴക്കൻ പ്രവിശ്യാ സിക്രട്ടറി നൗഷാദ് ഖാസിം ആശംസകൾ അർപ്പിച്ചു. അബ്ദുൽ ജബ്ബാർ മദീനിയുടെ പുതിയ ഔദ്യോഗിക യൂട്യൂബ് ചാനൽ റഫീഖ് സലഫി പ്രേക്ഷകർക്കായി സമർപ്പിച്ചു.
സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ, ദമാം, അൽഖോബാർ, റാക്ക, ഖഫ്ജി, അൽ ഹസ തുടങ്ങി വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നും ഏറെ കുടുംബങ്ങൾ സമ്മേളനത്തിനെത്തി. സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ സംഘടന പ്രതിനിധികളുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി. അയൽ രാജ്യങ്ങളായ ബഹറൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്ന് പ്രതിനിധികൾ എത്തിയിരുന്നു.