റിയാദ് – ഗാസ വെടിനിര്‍ത്തല്‍ അടക്കമുള്ള കാര്യങ്ങളെ കുറിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രണ്ടാമന്‍ രാജാവും ചര്‍ച്ച നടത്തി. ഗാസയിലും ലെബനോനിലും വെടിനിര്‍ത്തല്‍, മേഖലയില്‍ സംഘര്‍ഷം ലഘൂകരിക്കല്‍ എന്നിവ അടക്കം മേഖലയിലെ സുരക്ഷയും സ്ഥിരതയുമായി ബന്ധപ്പെട്ട വിഷയങ്ങളും മധ്യപൗരസ്ത്യദേശത്തെ പുതിയ സംഭവവികാസങ്ങളും അറബ്, ഇസ്‌ലാമിക ലോകത്തെ വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു. റിയാദ് അല്‍യെമാമ കൊട്ടാരത്തിലെ റോയല്‍ കോര്‍ട്ടില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചക്കിടെ സൗദി അറേബ്യയും ജോര്‍ദാനും തമ്മിലുള്ള ബന്ധങ്ങളും ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്തു.
ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, സഹമന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്‍, റിയാദ് പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ രാജകുമാരന്‍, ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍, നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍, വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അല്‍ഈബാന്‍, ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍, ജനറല്‍ ഇന്റലിജന്‍സ് മേധാവി ഖാലിദ് അല്‍ഹുമൈദാന്‍, ജോര്‍ദാനിലെ സൗദി അംബാസഡര്‍ നായിഫ് അല്‍സുദൈരി, ജോര്‍ദാന്‍ കിരീടാവകാശി അല്‍ഹുസൈന്‍ ബിന്‍ അബ്ദുല്ല രാജകുമാരന്‍, ജോര്‍ദാന്‍ വിദേശ, പ്രവാസികാര്യ മന്ത്രി അയ്മന്‍ അല്‍സ്വഫദി, സൗദിയിലെ ജോര്‍ദാന്‍ അംബാസഡര്‍ ഹൈഥം അബുല്‍ഫൂല്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.

നേരത്തെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ജോര്‍ദാന്‍ രാജാവിനെയും സംഘത്തെയും കിരീടാവകാശിയുടെ നേതൃത്വത്തില്‍ ഊഷ്മളമായി സ്വീകരിച്ചു. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ചര്‍ച്ച നടത്തിയ ശേഷം ജോര്‍ദാന്‍ രാജാവും സംഘവും ഇന്നലെ വൈകീട്ടു തന്നെ തിരിച്ചുപോയി. റിയാദ് പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ അബ്ദുല്ല രണ്ടാമന്‍ രാജാവിനെയും സംഘത്തെയും യാത്രയാക്കി.