ജിദ്ദ- കഴിഞ്ഞ 40 വർഷത്തിനിടെ, ലോക മലയാളികളിൽ ഖുർആൻ പഠനം ജനകീയമാക്കിയതിൽ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ പങ്ക് ഏറെ വലുതാണെന്ന് ‘ലേൺ ദ ഖുർആൻ’ ഡയറക്ടറും റിയാദ് ഇന്ത്യൻ ഇസ്ലാഹീ സെന്റർ പ്രസിഡന്റുമായ അബ്ദുൽ ഖയ്യും ബുസ്താനി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ ‘യൗമുൽ ഖുർആൻ’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് എല്ലാവരും ഖുർആൻ പഠിക്കാനും അതിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനും മുന്നോട്ട് വരുന്നു. ഒരു ദിവസം ഖുർആനിന് വേണ്ടി മാത്രം മാറ്റിവെക്കുന്ന ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിന്റെ പദ്ധതി മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഇസ്ലാഹീ സെന്റർ ജി.സി.സി കോർഡിനേറ്റർ മുഹമ്മദ് സുൽഫിക്കർ ആമുഖപ്രഭാഷണം നിർവഹിച്ചു. നിത്യവും വലിയ മാറ്റങ്ങളുണ്ടാകുന്ന ആധുനിക കാലഘട്ടത്തിൽ മാറ്റങ്ങളെ ഉൾക്കൊള്ളുന്നതോടൊപ്പം നമ്മുടെ മക്കളെക്കൂടി ഇത്തരം പരിപാടികളിൽ പങ്കാളികളാക്കാനും ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഉണർത്തി. ബാദുഷ ബാഖവി,ചുഴലി സ്വലാഹുദ്ധീൻ മൗലവി, കെ.എൻ.എം മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറിയും വണ്ടൂർ സലഫിയ്യാ കോളേജ് പ്രിൻസിപ്പലുമായ യൂസുഫലി സ്വലാഹി എന്നിവർ പ്രസംഗിച്ചു.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യാ തഹ്ഫീദ് വിദ്യാർത്ഥികളും റിയാദിലെ ഹിഫ്ദ് വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിച്ച ‘മാഹിർ അൽഖുർആൻ’ എന്ന പരിപാടി ശ്രദ്ധേയമായി. ഖുർആനിലെ ഏത് ഭാഗത്ത് നിന്നും, ഏത് വിഷയത്തെക്കുറിച്ച് ചോദിച്ചാലും ചെറിയ കുട്ടികൾ കൃത്യമായി മറുപടി പറയുന്നത് പ്രേക്ഷകർക്ക് വേറിട്ടനുഭവമായി. അബ്ദുൽ ഖയ്യും ബുസ്താനി, ഹാഫിദ് ഫർഹാൻ, ഹാഫിദ് ഇസ്സുദ്ധീൻ സ്വലാഹി തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
നേരത്തെ അൽഫിത്റ കുട്ടികളുടെ ഹിഫ്ദ് മത്സരങ്ങൾ ബിഗ്നെർ, ലെവൽ വൺ എന്ന കാറ്റഗറികളിലും ലെവൽ ടു വിദ്യാർത്ഥികൾക്ക് ഖുർആൻ പാരായണവും മദ്രസ്സാ വിദ്യാർത്ഥികളുടെ ഖുർആൻ പാരായണം കിഡ്സ്, ജൂനിയർ ഗേൾസ്, സീനിയർ ഗേൾസ്, ജൂനിയർ ബോയ്സ്, സീനിയർ ബോയ്സ് എന്ന കാറ്റഗറികളിലും നടന്നിരുന്നു. അൽഫിത്റ ഹിഫ്ദ് മത്സരങ്ങളിൽ ബിഗ്നർ തലത്തിൽ ഹൻദല ഹാഷിർ (ഫസ്റ്റ്), ഇഷ അസ്‌ലിൻ (സെക്കന്റ്), ലൂത്ത് ഷബീർ (തേർഡ്) എന്നിവരും ലെവൽ വൺ തലത്തിൽ ആയിഷ ഹമീദ് (ഫസ്റ്റ്), യൂസുഫ് അഹമ്മദ് ഷരീഫ് (സെക്കന്റ് ), ഹജൂൻ കൂനി, ആഖിൽ അമീൻ (തേർഡ്) എന്നിവർ ജേതാക്കളായപ്പോൾ ലെവൽ ടു വിദ്യാർത്ഥികളുടെ ഖുർആൻ പാരായണത്തിൽ അമൽ ശിഹാബ് (ഫസ്റ്റ്), ഐദിൻ ബഷീർ (സെക്കന്റ് ), റയ്യാ റസാൻ (തേർഡ്) എന്നിവർ സമ്മാനാർഹരായി.
മദ്രസ്സാ വിദ്യാർത്ഥികൾക്കായി നടന്ന ഖുർആൻ പാരായണമത്സരത്തിൽ കിഡ്സ് തലത്തിൽ റഹാൻ മുഹമ്മദ്, മെഹ്സ ബാബു, റുആൻ മുഹമ്മദ് എന്നിവരും ജൂനിയർ ഗേൾസിൽ നിദ നൂരിഷ, റുവ ഹനീൻ, നതാശ എന്നിവരും സീനിയർ ഗേൾസിൽ നഷ ഹനൂൻ, ആയിഷ ഷാഫി, അമീന ആശിഖ്, ആയിഷ ബിൻത് അർഷാദ്,സീനിയർ ബോയ്സിൽ അബ്ദുള്ള അഷ്‌റഫ്, യാസൻ സാബിർ, മുഹമ്മദ് ഷാസിൻ, ജൂനിയർ ബോയ്സിൽ ഐമൻ ആശിഖ്, റയാൻ ഷഹബാസ്, അബ്ദുൽ ഹലിം എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
മാതാപിതാക്കൾക്കായി സംഘടിപ്പിച്ച തജ്‌വീദ് മത്സരത്തിൽ ഫാത്തിമ മുഹമ്മദ് ലക്‌മീൽ, നജ്മ സി, സക്കിയ കെഎം എന്നിവരും മുതിർന്നവർക്ക് നടന്ന തജ്‌വീദ് മത്സരത്തിൽ ഷാഫി മജീദ്, അബ്ബാസ് ചെമ്പൻ, ജംഷാദ് എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായി.
അബ്ബാസ് ചെമ്പന്റെ അധ്യക്ഷത വഹിച്ചു. ശിഹാബ് സലഫി സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.