തെഹ്റാൻ – ഈ മാസം ഒന്നിന് ഇറാന്‍ ഇസ്രായിലില്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായി ഇറാനില്‍ ശക്തമായ വ്യോമാക്രമണത്തിന് തുടക്കം കുറിച്ച് ഇസ്രായില്‍. ഇന്നു പുലര്‍ച്ചെയാണ് ഇറാനില്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ ആക്രമണം ആരംഭിച്ചത്. നൂറോളം യുദ്ധ വിമാനങ്ങള്‍ ആദ്യ റൗണ്ട് ആക്രമണത്തില്‍ പങ്കെടുത്തു. എഫ്-35, എഫ്-16, എഫ്-15 ഇനങ്ങളില്‍ പെട്ട വിമാനങ്ങളും ഡ്രോണുകളും ആക്രമണത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഇസ്രായിലിനെതിരെ ഇറാന്‍ നടത്തിയ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്നോണം ഇറാനിലെ സൈനിക ലക്ഷ്യങ്ങള്‍ ഉന്നമിട്ട് കൃത്യവും സൂക്ഷ്മവുമായ ആക്രമണങ്ങളാണ് നടത്തുന്നതെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. ഇറാന്റെ ഭാഗത്തു നിന്നുണ്ടായേക്കാവുന്ന പ്രത്യാക്രമണങ്ങള്‍ നേരിടാന്‍ പൂര്‍ണ സുസജ്ജമാണെന്നും ഇസ്രായില്‍ സൈന്യം പറഞ്ഞു.
തലസ്ഥാന നഗരിയായ തെഹ്‌റാനു സമീപം ശക്തമായ സ്‌ഫോടനങ്ങളുണ്ടായതായി ഇറാന്‍ ഔദ്യോഗിക ടി.വി പറഞ്ഞു. തെഹ്‌റാനു സമീപത്തെ കറജ് നഗരത്തിലും സ്‌ഫോടനങ്ങളുണ്ടായി. ഇറാനെതിരായ ഏതു ആക്രമണത്തിനും കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പശ്ചിമ, ദക്ഷിണ-പശ്ചിമ തെഹ്‌റാനിലെ സൈനിക താവളങ്ങള്‍ക്കു നേരെ ആക്രമണങ്ങളുണ്ടായതായി ഇറാന്‍ ഔദ്യോഗിക ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തെഹ്‌റാനിലെ രണ്ടു എയര്‍പോര്‍ട്ടുകളിലും സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്ന് ഇറാന്‍ ടി.വിയും റിപ്പോര്‍ട്ട് ചെയ്തു.
തെഹ്‌റാനിലെ റിഫൈനറിയില്‍ അഗ്നിബാധയോ സ്‌ഫോടനങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആക്രമണങ്ങള്‍ ലക്ഷ്യം നേടിയതായി ഇസ്രായിലും മുഴുവന്‍ ആക്രമണങ്ങളും ചെറുത്തതായി ഇറാനും പറഞ്ഞു. മിസൈല്‍, ഡ്രോണ്‍ നിര്‍മാണ കേന്ദ്രങ്ങളും ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങളും എയര്‍ ഡിഫന്‍സ് ബാറ്ററികളും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രായിലി വൃത്തങ്ങള്‍ പറഞ്ഞു.
ഇറാനെതിരായ ആക്രമണം വിലയിരുത്താന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി യുആവ് ഗാലാന്റും തെല്‍അവീല്‍ സൈനിക ആസ്ഥാനത്തുള്ളതായി പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. ആക്രമണം ആരംഭിക്കുന്നതിനു തൊട്ടുമുമ്പായി ഇതേ കുറിച്ച് ഇസ്രായില്‍ അമേരിക്കയെ അറിയിച്ചതായും ആക്രമണത്തില്‍ അമേരിക്ക പങ്കാളിത്തം വഹിക്കുന്നില്ലെന്നും അമേരിക്കന്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഇറാനിലെ ഊര്‍ജ കേന്ദ്രങ്ങളും ആണവ സ്ഥാപനങ്ങളും ലക്ഷ്യമിടില്ലെന്ന് ഇസ്രായില്‍ അധികൃതരെ ഉദ്ധരിച്ച് എന്‍.ബി.സി, എ.ബി.സി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ഒരു ആക്രമണത്തെയും അമേരിക്ക പിന്തുണക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഇറാനില്‍ ആക്രമണം നടത്തുന്നതിനു തൊട്ടുമുമ്പായി സിറിയയുടെ തലസ്ഥാനമായ ദമസ്‌കസിലും ലെബനോനിലും ഇസ്രായില്‍ വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു. മധ്യസിറിയയിലും ദക്ഷിണ സിറിയയിലും സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും ഇസ്രായില്‍ ആക്രമണങ്ങള്‍ നടത്തി.
ഇറാനില്‍ ഇസ്രായില്‍ ആക്രമണം ആരംഭിച്ചതോടെ ഇറാഖിലെ മുഴുവന്‍ എയര്‍പോര്‍ട്ടുകളിലും വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഇറാഖ് ഗതാഗത മന്ത്രി റസാഖ് അല്‍സഅ്ദാവി അറിയിച്ചു. തങ്ങളുടെ വ്യോമമേഖല ഇറാനും താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ വ്യോമസേനക്കു കീഴില്‍ ജര്‍മനിയില്‍ കേന്ദ്രീകരിച്ചിരുന്ന നിരവധി എഫ്-16 പോര്‍വിമാനങ്ങള്‍ മധ്യപൗരസ്ത്യദേശത്ത് എത്തിയിട്ടുണ്ടെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇസ്രായില്‍ ആക്രമണത്തിന് ഇറാന്‍ തിരിച്ചടിച്ചേക്കാനുള്ള സാധ്യത കണക്കിലെടുത്താണ് അമേരിക്ക മേഖലയിലേക്ക് കൂടുതല്‍ പോര്‍വിമാനങ്ങള്‍ അയച്ചിരിക്കുന്നത്.
ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയെ തെഹ്‌റാനില്‍ വെച്ച് വധിച്ചതിനും ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയെ കൊലപ്പെടുത്തിയതിനും തിരിച്ചടിയെന്നോണം ഈ മാസം ഒന്നിന് 200 ഓളം മിസൈലുകളാണ് ഇസ്രായില്‍ ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്തുവിട്ടത്. ഇതില്‍ ഭൂരിഭാഗവും ഇസ്രായില്‍ വെടിവെച്ചിട്ടിരുന്നു. 2023 ഒക്‌ടോബര്‍ ഏഴിന് ഹമാസ് ഇസ്രായിലില്‍ മിന്നലാക്രമണം നടത്തിയ ശേഷം ഇറാന്‍ ഇസ്രായിലില്‍ നടത്തിയ രണ്ടാമത്തെ മിസൈല്‍, ഡ്രോണ്‍ ആക്രമണമായിരുന്നു ഇത്. ആദ്യമായാണ് ഇറാന്‍ ഇസ്രായിലില്‍ നേരിട്ട് ആക്രമണങ്ങള്‍ നടത്തുന്നത്. അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കന്‍ മേഖലാ പര്യടനം പൂര്‍ത്തിയാക്കി മടങ്ങിയതിനു തൊട്ടുപിന്നാലെയാണ് ഇസ്രായില്‍ ഇറാനില്‍ ആക്രമണങ്ങള്‍ നടത്തിയത്.