തെല്‍അവീവ് – ഇസ്രായിലിലെ ഏറ്റവും പ്രധാനപ്പെട്ട എയര്‍പോര്‍ട്ടുകളില്‍ ഒന്നായ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിനു നേരെ നടത്തിയ മിസൈല്‍ ആക്രമണത്തിന് മറുപടിയായി യെമനിലെ ഹൂത്തി വിമതര്‍ക്ക് ഏഴിരട്ടി ശക്തിയില്‍ തിരിച്ചടി നല്‍കുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് പറഞ്ഞു. ഞങ്ങളെ അടിക്കുന്നവന് ഏഴ് മടങ്ങ് തിരിച്ചടി ലഭിക്കും – പ്രതിരോധ മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. യെമനില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ പതിച്ചതിന് തെഹ്റാനില്‍ ശക്തമായ ആക്രമണം നടത്തണമെന്ന് ഇസ്രായിലി നാഷണല്‍ യൂനിറ്റി പാര്‍ട്ടി നേതാവ് ബെന്നി ഗാന്റ്‌സ് ആവശ്യപ്പെട്ടു.
മിസൈല്‍ ആക്രമണത്തിനു പിന്നില്‍ യെമന്‍ അല്ല, ഇറാന്‍ ആണ്. ഇസ്രായിലിനു നേരെ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കുന്നത് ഇറാനാണ്, അതിന്റെ ഉത്തരവാദിത്തം അവര്‍ വഹിക്കണം – ഗാന്റ്‌സ് തന്റെ എക്‌സ് അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തു. ഇസ്രായില്‍ ഗവണ്‍മെന്റ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ഇസ്രായിലിനു നേരെ മിസൈലുകള്‍ പ്രയോഗിക്കുന്നത് തെഹ്റാനില്‍ അക്രമാസക്തമായ പ്രതികരണത്തിന് കാരണമാകണം – ബെന്നി ഗാന്റ്‌സ് കൂട്ടിച്ചേര്‍ത്തു.
യെമനില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ തടയാന്‍ ഇസ്രായില്‍ സൈന്യം നിരവധി തവണ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. ഇസ്രായിലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ മറികടന്ന അപൂര്‍വ ഹൂത്തി ആക്രമണമായിരുന്നു ഇത്. ഇസ്രായിലിലെ ഏതാനും പ്രദേശങ്ങളില്‍ അപായ സൈറണുകള്‍ മുഴങ്ങി. ബെന്‍ ഗുരിയോണ്‍ വിമാനത്താവള പരിസരത്താണ് മിസൈല്‍ പതിച്ചതെന്ന് ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവള പരിസരത്തു നിന്ന് കട്ടിയുള്ള പുക ഉയരുന്നത് കാണിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇസ്രായിലിന്റെ ചാനല്‍ 13 സംപ്രേഷണം ചെയ്തു. മിസൈല്‍ വിക്ഷേപിച്ച ശേഷം തെല്‍അവീവിലും മധ്യഇസ്രായിലിലെ നിരവധി ജൂതകുടിയേറ്റ കോളനികളിലും സൈറണുകള്‍ മുഴങ്ങിയതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ ആക്രമണത്തില്‍ ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും വിമാന സര്‍വീസുകള്‍ തടസ്സപ്പെടുകയും ചെയ്തു.