ഗാസ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ
ജിദ്ദ – ഗാസ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. ഗാസ യുദ്ധത്തിന്റെ മൃഗീയതയെ ലിയോ മാര്‍പ്പാപ്പ അപലപിച്ചു. ഗാസയില്‍ വിവേചനരഹിതമായ ബലപ്രയോഗം അവസാനിപ്പിക്കണമെന്ന്, ഇസ്രായില്‍ സൈന്യം ഗാസയിലെ കത്തോലിക്കാ ചര്‍ച്ചിനു നേരെ നടത്തിയ മാരകമായ ആക്രമണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് നടത്തിയ പ്രസംഗത്തില്‍ പോപ്പ് ആഹ്വാനം ചെയ്തു. യുദ്ധത്തിന്റെ ക്രൂരത ഉടനടി അവസാനിപ്പിക്കാനും സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കാണാനും ഞാന്‍ വീണ്ടും ആവശ്യപ്പെടുന്നു – റോമിനടുത്തുള്ള മാര്‍പ്പാപ്പയുടെ വേനല്‍ക്കാല വസതിയായ കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയില്‍ ആഞ്ചലസ് പ്രാര്‍ഥനയുടെ അവസാനം ലിയോ പതിനാലാമന്‍ പറഞ്ഞു.
വ്യാഴാഴ്ച ഗാസയില്‍ ചര്‍ച്ചിനു നേരെയുണ്ടായ ആക്രമണത്തിനു ശേഷം ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി പോപ്പ് ടെലിഫോണില്‍ സംസാരിച്ചിരുന്നു. ഹോളി ഫാമിലി ചര്‍ച്ചിനു നേരെയുണ്ടായ ആക്രമണത്തില്‍ തന്റെ അഗാധമായ ദുഃഖം മാര്‍പ്പാപ്പ പ്രകടിപ്പിച്ചു. ഭവനരഹിതരായ 600 ഓളം ആളുകള്‍ക്ക് ചര്‍ച്ചില്‍ അഭയം നല്‍കിയിരുന്നു. ഇവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. വികലാംഗരായ ഡസന്‍ കണക്കിന് ആളുകളും കൂട്ടത്തിലുണ്ട്. നാശനഷ്ടങ്ങളിലും സിവിലിയന്‍ മരണങ്ങളിലും ഇസ്രായില്‍ അഗാധമായ ദുഃഖം പ്രകടിപ്പിച്ചു. ആക്രമണത്തെ കുറിച്ച് സൈന്യം അന്വേഷിക്കുന്നുണ്ടെന്ന് ഇസ്രായില്‍ കൂട്ടിച്ചേര്‍ത്തു.
നിര്‍ഭാഗ്യവശാല്‍, ഈ പ്രവൃത്തി ഗാസയിലെ സിവിലിയന്‍ ജനതക്കും ആരാധനാലയങ്ങള്‍ക്കും നേരെയുള്ള തുടര്‍ച്ചയായ സൈനിക ആക്രമണങ്ങള്‍ക്ക് ആക്കം കൂട്ടുന്നതായി മാര്‍പ്പാപ്പ ഇന്ന് പറഞ്ഞു. മാനുഷിക നിയമം പാലിക്കാനും സിവിലിയന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത മാനിക്കാനും കൂട്ടായ ശിക്ഷ തടയാനും വിവേചനരഹിതമായ ബലപ്രയോഗം വിലക്കാനും ജനങ്ങളെ നിര്‍ബന്ധിതമായി കുടിയിറക്കുന്നത് തടയാനും അന്താരാഷ്ട്ര സമൂഹത്തോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു – മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു. ഇരുപത്തിരണ്ടാം മാസത്തിലേക്ക് കടക്കുന്ന യുദ്ധത്തില്‍, ഇരുപതു ലക്ഷത്തിലധികം വരുന്ന ഗാസ ജനസംഖ്യയില്‍ ഭൂരിഭാഗവും ഒരിക്കലെങ്കിലും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. അധിക പേരും പലതവണ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ആവര്‍ത്തിച്ച് പലായനത്തിന് നിര്‍ബന്ധിതരായി.
അതിനിടെ, ഉത്തര, ദക്ഷിണ ഗാസയില്‍ റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ ഭക്ഷ്യസഹായത്തിനായി കാത്തുനില്‍ക്കുകയായിരുന്ന കുട്ടികള്‍ അടക്കമുള്ളവര്‍ക്കു നേരെ ഇസ്രായില്‍ സൈന്യം ഇന്ന് നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തിലും എഴുപത്തിമൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2023 ഒക്ടോബര്‍ മുതല്‍ ഗാസയില്‍ തുടരുന്ന ഇസ്രായിലി ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 58,895 ആയി ഉയര്‍ന്നതായി ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1,40,980 പേര്‍ക്ക് പരിക്കേറ്റു. ഗാസയുടെ വിവിധ പ്രദേശങ്ങളിലെ വീടുകള്‍, ടെന്റുകള്‍, ഫലസ്തീന്‍നികളുടെ ഒത്തുചേരലുകള്‍ എന്നിവ ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണങ്ങളുടെ ഫലമായി കഴിഞ്ഞ 24 മണിക്കൂറിനിടെ ഏകദേശം 130 രക്തസാക്ഷികളെയും 495 പരിക്കേറ്റവരെയും ഗാസയിലെ ആശുപത്രികളില്‍ എത്തിച്ചതായും മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു.